2010, സെപ്റ്റംബർ 25, ശനിയാഴ്‌ച

Interview VK Sree Raman

വേറിട്ട വഴികളിലൂടെ മന:പൂര്‍വ്വമല്ലാതെ ഒരാള്‍ - വി.കെ.ശ്രീരാമന്‍/ജോസഫ്‌ അതിരുങ്കല്‍

വ്യത്യസ്തമായ സാഹിത്യ സങ്കല്‍പ്പം ആസ്വാദകനു പരിചയപെടുത്തുക വഴി, മലയാള സാഹിത്യത്തില്‍ ശ്രദ്ധേയമായ ഒരു സ്ഥാനം വി.കെ.ശ്രീരാമന്‍ നേടിയിട്ടുണ്ട്‌. പാരമ്പര്യ ചൂടിന്റെ വഴികളില്‍ നിന്ന് മന:പൂര്‍വ്വമല്ലെങ്കിലും, വഴിമാറി നടന്നു അദ്ദേഹം. കഥയിലൂടെ അവതരിപ്പിച്ചാല്‍ ഒരു പക്ഷേ,ശ്രദ്ധ നേടാതെ പോകുമായിരുന്ന ജീവിത സത്യങ്ങള്‍ കാഴ്ച്ചകളായും പിന്നീട്‌ കുറിപ്പുകളായും പിറന്നു വീണപ്പോള്‍, ആര്‍ക്കും നിഷേധിക്കാനാവാത്തതായി. തെളിവുകളോടെ മുന്നില്‍ നില്‍ക്കുമ്പോള്‍, അതൊരു കെട്ടു കഥയെന്ന് മുദ്ര കുത്തി തള്ളികളയാനായില്ല.

സൗഹൃദത്തിനു പോലും കൂലി കൊടുക്കുന്ന പട്ടാമ്പിയിലെ കെല്ല മുഹമദ്‌ കോയയെ അവതരിപ്പിക്കുമ്പോള്‍, സ്നേഹ രാഹിത്യത്തിന്റെ വര്‍ത്തമാന കാലം നമ്മില്‍ നടുക്കമുണ്ടാക്കുന്നു. നാലു കെട്ടില്‍ പ്രത്യക്ഷപെട്ട സുന്ദരിയായ പെണ്‍കുട്ടി കുറു നരിയുടെ കൂട്ടുകാരിയായി ഇടിഞ്ഞു പൊളിഞ്ഞ വീട്ടില്‍ താമസിക്കുന്ന യശോധരയാണെന്നറിയുമ്പോള്‍, ജീവിതമെന്ന സമസ്യക്കു മുമ്പില്‍ നാം നമ്ര ശിരസ്കരാകുന്നു.

സാംസ്കാരിക പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, അവതാരകന്‍, അഭിനേതാവ്‌ എന്നീ നിലകളില്‍ മലയാളിയുടെ കര്‍മ്മ മണ്ഡലത്തില്‍ ശോഭയോടെ നില്‍ക്കുന്ന വി.കെ. ശ്രീരാമന്‍, നന്മകള്‍ തുളുമ്പുന്ന തന്റെ മനസ്സ്‌ ഇവിടെ തുറക്കുന്നു. റിയാദിലെ കേളി സംസ്കാരിക സമിതിയുടെ ക്ഷണം സ്വീകരിച്ചെത്തിയ അദ്ദേഹവുമായി എഴുത്തുകാരനായ ജോസഫ്‌ അതിരുങ്കലുമായി നടത്തിയ സംഭാഷണത്തിന്റെ പ്രസ്കത ഭാഗങ്ങള്‍.


സൗദിയിലേക്കുള്ള താങ്കളുടെ പ്രഥമ സന്ദര്‍ശനമാണല്ലോ ഇത്‌.ഈ സന്ദര്‍ശനാനുഭവം പങ്കു വെയ്ക്കാമോ?

സൗദി അറേബ്യന്‍ ജീവിതത്തിന്റെ പരിശ്ചേദം അനുഭവിക്കാനുള്ള സാവകാശം എന്റെ ഈ ഹൃസ്വ സന്ദര്‍ശനത്തില്‍ എനിക്ക്‌ ലഭിച്ചിട്ടില്ല. എന്റെ ഈ അനുഭവം യാഥാര്‍ഥ അനുഭവമല്ല. ഹോട്ടലിലോ, സ്വീകരണ പരിപാടിയിലോ, ചര്‍ച്ചയിലോ പങ്കെടുക്കുന്നത്‌ കൊണ്ട്‌ ലഭിക്കുന്ന അനുഭവം കൃത്രിമമയ ഒന്നാണ്‌. ഒരാള്‍ തൊഴിലെടുത്ത്‌ ഇവിടെ ജീവിക്കുമ്പോഴാണ്‌ ശരിയായ അനുഭവം ലഭിക്കുക. എങ്കിലും, മറ്റു പലയിടങ്ങളില്‍ നിന്ന് വ്യത്യസ്തമായി,സേവന പ്രവര്‍ത്തനങ്ങളിലും, സഹജീവികളോട്‌ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്ന കാര്യത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന മലയാളി സമൂഹമാണിവിടെയുള്ളത്‌. ചെറിയ ശതമാനം ആളുകള്‍ മാത്രമേ മറ്റിടങ്ങളില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുള്ളു. ഒരു ജീവകാരുണ്യ പ്രശ്നമുണ്ടെന്നു കേള്‍ക്കുമ്പോള്‍ തന്നെ, അതിലിടപെടാന്‍ കാണിക്കുന്ന വ്യഗ്രത മറ്റിടങ്ങളില്‍ കണ്ടിട്ടില്ല.ഭിന്ന മേഖലയിലുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍, മതവിശ്വാസികള്‍ സഹജീവികളോടെ കാണിക്കുന്ന ശ്രദ്ധ വലുതാണ്‌. ഇതെന്നെ തെല്ലൊന്നുമല്ല സന്തോഷിപ്പിക്കുന്നത്‌.


ഇക്കൊല്ലത്തെ കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്‌ ലഭിച്ച ബെന്യാമിന്റെ ' ആടു ജീവിതത്തില്‍' തീക്ഷണമായ പ്രവാസ അനുഭവം ആവിഷ്കരിക്കുന്നു എന്ന് പരക്കെ അഭിപ്രായമുണ്ട്‌. എന്താണഭിപ്രായം ?

മൊത്തത്തിലുള്ള പ്രവാസ അനുഭവങ്ങലുടെ പരിശ്ചേദമായിട്ടല്ല ഞാന്‍ ഈ നോവലിനെ കാണുന്നത്‌. ഇങ്ങനെയുള്ള പ്രവാസ അനുഭവങ്ങളും ഉണ്ടാകാം. അല്ലെങ്കില്‍ പ്രവാസ അനുഭവം മാത്രമല്ല എല്ലാ അനുഭവും പ്രധാനമാണ്‌. പ്രവാസിയായതു കൊണ്ട്‌ വലിയ ഒരു കാര്യ തോന്നി, അല്ലെങ്കില്‍ മറ്റൊരിടത്തായിരുന്നെങ്കില്‍ അത്രമാത്രം തോന്നില്ല എന്നൊന്നുമില്ല. കിഴവനും കടലും കടലില്‍ പോയ ഒരാളുടെ കഥയാണ്‌..ചിലപ്പോള്‍ ഒറ്റയ്ക്ക്‌ ജീവിക്കുന്ന പ്രഭുകുമാരിയുടെ എകാന്തതയാവും നമ്മളെ സ്വാധീനിക്കുന്ന സാഹിത്യം. മനുഷ്യന്റെ അനുഭവങ്ങള്‍ സാഹിത്യ കൃതിയിലുടെ വായനക്കാരനിലേക്ക്‌ എങ്ങനെ സംക്രമിക്കുന്നുവെന്നതാണ്‌ പ്രധാനം.. ക്രാഫ്റ്റ്‌ കൊണ്ട്‌ ഉണ്ടാക്കാവുന്ന ഒരു ഫലമുണ്ട്‌. കഥയിലെ ജീവിതം നമ്മുടെ ജീവിതമാണെന്ന് തോന്നതക്ക ഒരാഖ്യാന പാടവമാണത്‌.

വേറിട്ട്‌ കാഴചകള്‍ + ഭാവനയുടെ അംശം = ആടു ജീവിതം എന്ന് വിലയിരുത്തലിനോട്‌ എങ്ങനെ പ്രതികരിക്കുന്നു ?

ആടു ജീവിതം യാഥാര്‍ത്യവും ഫിക്ഷനുമാണ്‌. ഡോകു ഫിക്ഷേന്നോ, ക്രിയേറ്റിവ്‌ ജേര്‍ണ്ണലിസമെന്നോ എന്ന നിലയക്ക്‌ അത്‌ വായിക്കാം. പക്ഷേ അത്‌ നോവലെന്ന നിലക്കാണ്‌ അവതരിപ്പിക്കുന്നത്‌. ഈ ക്യറ്റഗറിയിലുള്ള സഹിത്യ ശാഖ വളരെ പ്രബലമാണ്‌. ഏത്‌ ഫിക്ഷനിലും അടിസ്ഥാനമായിട്ടുള്ളജീവിതം തന്നെയാണ്‌. സന്‍സ്‌ ഫിക്ഷനായാലും അതില്‍ വത്യസമില്ല.

ആടു ജീവിതത്തില്‍ ആമുഖത്തില്‍ തന്നെ ഇതൊരാളുടെ (നജീബിന്റെ) ജീവിതമാണെന്ന് സൂചിപ്പിച്ചിട്ടുണ്ട്‌. ഉള്ളതായതു കൊണ്ട്‌ അതിന്റെ മൂല്യം ഇല്ലാതാകുന്നില്ല. അത്‌ വര്‍ദ്ധിക്കുന്നതേയുള്ളു. നേരമറിച്ച്‌ ഒരു ജീവിതം യഥാതഥാ പകര്‍ത്തിയാല്‍ അത്‌ വായനക്കാരനെ സ്വാധിനിക്കണമെന്നില്ല. ഫിക്ഷന്റെ അംശം അതില്‍ ചേരുമ്പോള്‍, അതിന്റെ സൗന്ദര്യം വര്‍ദ്ധിക്കുകയും, വായിക്കാനുള്ളതിന്റെ കെമിസ്ട്രി മാറുകയും ചെയ്യും. ആടു ജീവിതത്തിനു സമാനമായ അനുഭവങ്ങള്‍ മുസാഫിറിന്റെ മരുഭൂമിയുടെ ആത്മകഥയിലുണ്ട്‌. പക്ഷേ അത്‌ ഒരു റിപ്പോര്‍ട്ടെന്ന നിലയിലാണ്‌ എഴുതുന്നത്‌. ആടു ജീവിതം ഉള്ളതാണെങ്കിലും, അത്രത്തോളം വിദഗദമായി രചിക്കപ്പെട്ടിട്ടുണ്ട്‌. ജീവിത തീക്ഷണതയോടോപ്പം തന്നെ പ്രത്യേകമായ ഒരു ആഖ്യാന രീതി ആ നോവലിലുണ്ട്‌.

ഈ നോവല്‍ വായിക്കുമ്പോള്‍ വായനക്കാരനെ ഒരു ട്രാന്‍സില്‍ എത്തിക്കുന്നു. എന്റെ മിതമായ ഗള്‍ഫനുഭവം വെച്ച്‌ എനിക്ക്‌ ഇങ്ങനെയുള്ള സ്ഥലങ്ങള്‍ ഉണ്ടാവാം എന്നു തോന്നുന്നു. നേരിട്ട്‌ എക്സീക്യൂട്ടീവിന്റെ വിസയിലേക്ക്‌ വന്ന് ആയിരങ്ങള്‍ സമ്പാദിച്ച്‌ തിരിച്ചു പോകുന്നവരുണ്ടായിരിക്കാം. അവര്‍ക്ക്‌ ആടു ജീവിതം അന്യമായിരിക്കാം. ആടു ജീവിതം ഒട്ടപെട്ടുപോയാ മനുഷ്യന്റെ ജീവിതത്തില്‍ നിന്ന് പകര്‍ത്തിയതാണ്‌. അതില്‍ എഴുത്തുകാരന്റെ സ്വാധീനം വലുതായിട്ടൂണ്ട്‌. ഈ കൃതിക്ക്‌ പിന്നില്‍ എഴുത്തുകാരന്റെ ധ്യാനവും പ്രാര്‍ഥനയുമുണ്ട്‌. നമ്മൂടെ നോവല്‍ സാഹിത്യത്തിനു തീര്‍ത്തും ഒരു മുതല്‍കൂട്ടാണ്‌ ആടു ജീവിതം. മലയാളി കയറി നില്‍ക്കുന്ന ഒരു 'സ്റ്റെപ്പ്‌. ഈയിടെ മലയാള സാഹിത്യത്തിലെ സന്തോഷകരമായ അനുഭവമാണ്‌ ആടു ജീവിതവും, ടി കെ.രാമകൃഷ്ണന്റെ ' പ്രാന്‍സിസ്‌ ഇട്ടിക്കോരയും'.


സാമ്പ്രദായിക സാഹിത്യ സങ്കല്‍പ്പങ്ങള്‍ വായിച്ചു മടുത്തിട്ടാണോ 'വേറിട്ട കാഴ്ചകളിലേക്ക്‌'തിരിയുന്നത്‌ ?

സാമ്പ്രദായിക സാഹിത്യ സങ്കല്‍പ്പങ്ങള്‍ വായിച്ച്‌ മടുത്തിട്ടല്ല വേറിട്ട കാഴ്ചകള്‍ എഴുതിയത്‌. ഞാനെത്തപെട്ട വഴിയില്‍ യാദൃശ്ചിക സംഭവിച്ചതാണ്‌. ആ ടെലിവിഷന്‍ പരിപാടി ചെയതപ്പോള്‍ കലാകൗമുദിയില്‍ നിന്ന് ആ പ്രോഗ്രാമിന്റെ റിപ്പോര്‍ട്ട്‌ തന്നു കൂടെയെന്ന് ചോദിച്ചു. കള്ളികാടിന്റെയൂം എന്‍.ആര്‍. എസ്സ്‌ ബാബുവിന്റെയും ആ അഭ്യര്‍ഥന മാനിച്ച്‌ ചെയതതാണ്‌. വാരികയില്‍ എഴുതാന്‍ ആരംഭിച്ചപ്പോള്‍ അത്‌ തുടര്‍ച്ചയായി എഴുതേണ്ടിവന്നു. ഷൂട്ട്‌ ചെയത്‌ പ്രോഗ്രാമിനെ പറ്റിയെഴുതുകായതുകൊണ്ട്‌ എഴുത്ത്‌ എളുപ്പമായി.ഉള്ള കാര്യം മാത്രം എഴുതി. ഉള്ള സംഭവത്തെക്കുറിച്ചുള്ളതായത്‌ കൊണ്ട്‌ ഏറെ വായനക്കാരുണ്ടായി. ടി വിയില്‍ അവതരിപ്പിച്ച പരിപാടിയുടെ വിശദമായ രൂപമായിരുന്ന് എഴുത്തിലൂടെ കൊണ്ടു വന്നത്‌. ഒരു പക്ഷേ സമ്പ്രാദായിക സാഹിത്യം വായിച്ച്‌ വായനക്കരനു മടുപ്പുണ്ടായിരിന്നിരിക്കാം. കഥയിലൂടെ അവതരിപ്പിച്ചാല്‍ ഇത്രയേറെ ശ്രദ്ധയുണ്ടാകുമയിരുന്നില്ലെന്ന് വായക്കാര്‍ തന്നെ അറിയിച്ചിട്ടുണ്ട്‌.



പുതിയ എഴുത്തുകാര്‍ കൂടതലും അരാഷ്ട്രീയ വാദികളായി തീരുന്നത്‌ പ്രത്യാശയുടെ ഉറവകള്‍ വറ്റുന്നതു കൊണ്ടാണോ?

രാഷ്ട്രത്തെ സംബന്ധിച്ച്‌ ഉള്ളതാണ്‌ രാഷ്ട്രീയം. എല്ലാ മലയാളിയുടെയും ജീവിതവും എഴുത്തും രാഷ്ട്രീയം തന്നെയാണ്‌. ഒരു പ്രത്യേക രാഷ്ട്രീയ സിദ്ധാന്ത പ്രകാരം ജീവിക്കുന്നത്‌ മാത്രം രാഷ്ട്രീയവും, മറ്റൊരാള്‍ ജീവിക്കുന്നത്‌ അരാഷ്ട്രീയവുമല്ല. ഒരു ഓട്ടോ റിക്ഷയില്‍ കയറിയിട്ട്‌ ഡ്രൈവര്‍ കൂടുതല്‍ കൂലി ആവശ്യപെട്ടാലും അതില്‍ രാഷ്ട്രീയമുണ്ട്‌. ചുരുക്കത്തില്‍ ചുറ്റുപാടിലുള്ളതെല്ലാം രാഷ്ട്രീയമാണ്‌. അരാഷ്ട്രീയമായ ജീവിതം എങ്ങുമില്ല എന്നാണ്‌ എന്റെ അഭിപ്രായം. ഒരു ജനാധിപത്യ രാഷ്ട്രത്തിലെ എല്ലാ പ്രവര്‍ത്തനവും, രാഷ്ട്രീയത്തിന്റെ രീതിയില്‍ നോക്കി കാണാം.

നവോത്ഥാന മൂല്യങ്ങള്‍ക്ക്‌ വല്ലാതെ ശോഷണം സംഭവിക്കുന്നില്ലേ ഇക്കാലത്ത്‌ ?


ചില കാലഘട്ടങ്ങള്‍ ചിലത്‌ കൂടുതലായി ആവശ്യപ്പെടും. ചില ഉഷ്ണങ്ങള്‍ കൂടുതല്‍ തണുപ്പ്‌ ആവശ്യപ്പെടുന്നതു പോലെ. നമ്മുടെ നവോത്ഥാനം ഭക്തി പ്രസ്ഥാനം മുതല്‍ ആരംഭിക്കുന്നു. ചെരുപ്പുകുത്തികളുടെ ഇടയില്‍ നിന്നും, ദളിതരുടെ ഇടയില്‍ നിന്നും ഞജാന മാര്‍ഗ്ഗം ആരംഭിച്ച കാലമുതല്‍ ഇന്നുവരെയുള്ള കാലം പരിശോധിക്കുമ്പോള്‍ നവോത്ഥാന മൂല്യങ്ങളുടെ സഞ്ചാരം മന്ദഗതിയിലായിട്ടുണ്ട്‌. കാരണം നവോത്ഥാനം അതിന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റി എന്ന തോന്നലാണ്‌ പലര്‍ക്കും. എല്ലാം നേടി കഴിഞ്ഞ ഒരു ജനതയാകുണ്ടാകുന്ന ഉദാസീനത. ഒരു സാമുഹ്യ വിപത്തിലേക്ക്‌ നാം പതിക്കുമ്പോഴാണ്‌ നവോത്ഥാന മൂല്യങ്ങള്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുക.

പല വിലക്കുകളുടെയും കാലങ്ങളിലാണ്‌ നവോത്ഥാനം കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചത്‌. നിരന്തര പ്രക്രിയയാണ്‌ നവോത്ഥാനവും, നവോത്ഥാന വിരുദ്ധ ശക്തികളുടെ ദൃഡം പ്രാപിക്കലും. ഇത്‌ രണ്ടും എപ്പോഴും ഈ പ്രകൃതിയിലുണ്ടാവും. എപ്പോഴെങ്കിലും നവോഥാന പ്രസ്ഥാനം അതിന്റെ ലക്ഷ്യത്തിലെത്തിയെന്ന് പറയാന്‍ പറ്റില്ല.നവോത്ഥാന ഒരു നിരന്തര പ്രക്രിയയാണ്‌. മനുഷ്യനുള്ള കാലത്തോളം അതു വേണ്ടി വരുന്നു.

സൂര്യാവര്‍ത്തം എന്ന അമച്വര്‍ നാടകത്തില്‍ തുടങ്ങി, വൈശാലി (വിഭാണ്ഡകന്‍), കാക്കോത്തി കാവിലെ അപ്പുപ്പന്‍ താടികള്‍, ആധാരം, സര്‍ഗ്ഗം എന്നീ ചിത്രങ്ങളിലെ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയത്‌ താങ്കള്‍ ചെയ്തിട്ടുണ്ട്‌. പിന്നിട്ട അഭിനയ ജീവിതത്തെ എങ്ങനെ നോക്കി കാണുന്നു ?


ഇതുവരെ അഭിനയിച്ചതൊക്കെ ഞാനല്ല ഇതിനേക്കാള്‍ നന്നായി അഭിനയിക്കുന്ന് ആരെങ്കിലും ചെയതാല്‍ നന്നാകുമെന്നും, ഒരു വേഷം പോലും ചെയ്യാന്‍ ആഗ്രഹമില്ലത്തതായ അവസ്ഥാണ്‌ എന്റേത്‌. കാരണം എനിക്കെപ്പോഴും തോന്നാറുണ്ട്‌ ഞാനൊരു ആക്ടറല്ല. യഥാര്‍ത്ഥമല്ലാത്ത ഒരുതൊഴില്‍ സ്ഥലത്ത്‌ എത്തപ്പെട്ട ഒരു മനസ്സാണെനിക്കെപ്പോഴും. റഫീക്‌ അഹമ്മദിന്റെ കവിതയില്‍ പറയും പോലെ. കസേര എന്റെ രൂപമിതല്ല എന്നു പറയുന്നത്‌ പോലെ. ഞാനൊരു കാട്ടില്‍ ഒരു മരമായി നില്‍ക്കേണ്ടതയയിരുന്നു എന്നു പറയുന്ന അവസ്ഥ. ഇതിലും വലിയ ആളാവണം എന്നല്ല അതിന്റെ അര്‍തഥം. മറിച്ച്‌ എന്റെ പരിസരങ്ങളില്‍ അല്ല ചെന്നു പെടുന്നത്‌ എന്ന തോന്നല്‍. അതു കൊണ്ട്‌ എതെങ്കിലും മികച്ച വേഷങ്ങള്‍ ചെയ്യാനുണ്ടെന്ന് തോന്നിയിട്ടില്ല, ഇതുവരെ ചെയതതതില്‍ എതെങ്കിലും വേഷം മികച്ചതാണെന്നും തോന്നിയിട്ടില്ല.


സൂപ്പര്‍ സ്റ്റാറുകള്‍ സിനിമാ ഇന്‍ഡസ്ട്രിയെ നിയന്ത്രിക്കുന്നുവെന്ന ആരോപണത്തെക്കുറിച്ച്‌ ?

കൊമേഷ്സ്യല്‍ എലമെന്റ്സ്‌ തന്നെയാണ്‌ കച്ചവടത്തെ ഇപ്പോഴും നിയന്ത്രിക്കുക. ഏറ്റവും നല്ല വിപണന മൂല്യമുള്ള വസ്തു മാര്‍ക്കറ്റിനെ നിയന്ത്രിക്കും. മാര്‍ക്കറ്റ്‌ അനുവദിച്ചു കൊടുക്കുന്ന വിലയാണ്‌ സൂപ്പര്‍ സ്റ്റാറുകളുടെ വില. ഒരു മാര്‍ക്കറ്റാണ്‌ സൂപ്പര്‍ സ്റ്റാറുകളെ സൃഷ്ടിക്കുന്നത്‌. കലയല്ല അവിടെ പ്രധാനം. അത്‌ എതു കാലത്തും ഉണ്ടായിരുന്നു. പഴയ കാലത്ത്‌ സാമുഹ്യ പ്രതിബദ്ധതയുള്ള സാഹിത്യ കൃതികള്‍ സിനിമയാക്കപെടുമായിരുന്നു . സാമ്പത്തിക ലാഭം ലക്ഷ്യമാക്കിയുള്ള സൃഷ്ടികളാണ്‌ ഇന്ന് സിനിമയില്‍ നടക്കുന്നത്‌. നമ്മുടെ ഇന്ദ്രിയങ്ങളെ സുഖിപ്പിക്കുന്ന അംശങ്ങള്‍ കൂടുകയും, കഥാംശം ചോരുകയും ചെയ്യുന്നു.ജീവിത ബന്ധങ്ങള്‍ക്ക്‌ സിനിമയില്‍ സ്ഥാനമില്ലതാകുന്നു. ലഹരി പിടിപ്പിക്കുന്ന സംഭവങ്ങള്‍ക്ക്‌ മാത്രമായി പ്രധാനം.


എം.ടിയുടെ നാലുകെട്ടിലും, അജ്നാതന്റെ ഉയരാത്ത സ്മാരകത്തിലും പ്രത്യ്ക്ഷപെടുന്ന മഞ്ഞ പാവടയും, പച്ച കുപ്പായവും ധരിച്ചെത്തുന്ന പെണ്‍കുട്ടി ഒറ്റപെട്ട വീട്ടില്‍ താമസിക്കുന്ന യശോധരയാണെന്ന് തിരിച്ചറിയുന്നതെങ്ങനെ ?

അതു യാദൃശ്ചികമായി ഒരു ഫോട്ടോ ഗ്രാഫര്‍ പറയുകയായിരുന്നു. പാമ്പുകള്‍ക്കും, കാട്ടു ജീവികള്‍ക്കുമൊപ്പം ഇടിഞ്ഞു പൊളിഞ്ഞ വീട്ടില്‍ താമസിക്കുന്ന സ്റ്റ്രീയുണ്ടെന്നറിഞ്ഞ്‌, ക്യാമറയുമായി അവിടേക്ക്‌ പോയി. ഷൂട്ട്‌ ചെയ്തപ്പോള്‍ ആദ്യം വഴക്കു പറഞ്ഞു. അവിടെചെന്ന് വൈകിട്ടാണ്‌ ആരോ പറഞ്ഞത്‌ ഈ സ്ത്രീയെക്കുറിച്ച്‌ നാലുകെട്ടിലൊക്കെ പറഞ്ഞിട്ടൂണ്ടെന്ന്. പിന്നെ ഞാന്‍ എം.ടിക്ക്‌ ഫോണ്‍ ചെയതപ്പോള്‍, എം.ടി ആ സ്ത്രീയെപ്പറ്റി എഴുതിയ കാര്യം പറയുകയും പിറ്റേന്ന് ആ കഥ അവര്‍ക്ക്‌ കൊടുക്കയും, അവരത്‌ വായിക്കുകയും ചെയതു. ആ സ്ത്രീ മരിച്ചു പോയി.

വായുവില്‍ വളരുന്ന മലയാളം- താങ്കളുടെ തന്നെ പ്രയോഗം. ബ്ലോഗ സാഹിത്യം കുടുതല്‍ ഗൗരവതരവും, നിര്‍ണ്ണായകവുമായി വരും കാലങ്ങളില്‍ മാറുമോ ?


ബ്ലോഗ്‌ സാഹിത്യത്തെക്കുറിച്ച്‌ കിട്ടിയ അറിവ്‌ സന്തോഷകരമായിരുന്നു. മലയാളം പഠിക്കാത്ത വിദേശങ്ങളിലുള്ള കുട്ടികള്‍, മലയാളം പരസ്പരം പറഞ്ഞ്‌ ഭാഷയുടെ ഒരു നൂല്‍പാലത്തിലൂടെ ഒരു സൗഹൃദം സൃഷ്ടിക്കുന്ന പുതിയ മലയാളി സമൂഹ്ത്തെ കണ്ടപ്പോളുണ്ടായ ആഹ്ലാദമാണാ്‌ അത്തരമൊരു ലേഖനമേഴുതാന്‍ കാരണം. മലയാളത്തില്‍ കത്തെഴുതാന്‍ പോലും വശമില്ലാത്ത കുട്ടികള്‍'സാഹിത്യത്തിന്റെ രൂപത്തിലുള്ള സംഗതികളിലൂടെ ലോകത്തിന്റെ നാനാഭാഗത്ത്‌ കമ്മ്യുണിക്കേറ്റ്‌ ചെയ്തതിന്റെ ആഹളാദം. പലരും സീരിയസ്സല്ല എന്നൊരു ദോഷമുണ്ട്‌, അഭിപ്രായങ്ങള്‍ മിക്കപ്പോഴും - കലക്കിയിട്ടുണ്ട്‌, അടിപോളി, ഇനിയും പോരട്ടെ' എന്നൊക്കെയാണ്‌. പക്ഷേ, എഴുത്ത്‌ മലയാള ഭാഷയിലൂടെ സജീവമകുന്നുണ്ട.

നിലച്ചു പോയ സംഗീതത്തെ, വേരറ്റു പോയ ജന്മബന്ധങ്ങളെ അക്ഷരങ്ങളിലൂടെ ഉയിര്‍പ്പിക്കാന്‍ സി.വി.ശ്രീരാമന്‍ ശ്രമിച്ചുവെന്ന് താങ്കള്‍ നീരിക്ഷ്ച്ചിട്ടുണ്ട്‌.ബാലേട്ടനുമായുള്ള ആത്മ ബന്ധത്തെകുറിച്ച്‌ ?

കഥയുടെ ലോകത്ത്‌ മാത്രമല്ല, എന്റെ ജീവിതത്തിലും വലിയ സ്വാധീനമായിരുന്നു ബാലേട്ടന്‍. എന്റെ വലിയ അമ്മയുടെ മകനാണ്‌. ആളുകളോട്‌ വളരെ സ്നേഹമുള്ള ആളായിരുന്നു. പരിഹാസത്തിലൂടെയാണ്‌ എതിര്‍പ്പുകള്‍ പ്രകടിപ്പിക്കുക. വലിയ വലിയ കാര്യങ്ങളെ ചെറിയ ചെറിയ വാക്കുകളിലൂടെ പരിഹസിച്ച്‌ പൊളിക്കുമായിരുന്നു. പല കാര്യങ്ങളെയും പരിഹാസത്തിലൂടെ വിമര്‍ശിക്കുന്നതിനും ഔത്സുക്യം കാണിച്ച ആളാണ്‌. ഈ പരിഹാസമായിരിക്കാം എന്നെ അദ്ദേഹവുമായി അടുപ്പിച്ച ഘടകം. പരിഹസിക്കുന്നവര്‍ക്ക്‌ കുട്ടികള്‍ക്ക്‌ തോന്നുന്ന ഒരിഷ്ടം. കഥയെഴുതി പ്രസിദ്ധീകരിക്കുന്നതിനു മുമ്പായി കഥ പറയുമായിരുന്നു. കഥ പറയല്‍ വളരെ രസകരമാണ്‌.

കോടത്തി പരിസരങ്ങള്‍, വീടിന്റെ അന്തരീക്ഷം, മദ്യപാന അവസരങ്ങളൊക്ക്ക്കെ വെച്ച്‌ ഇങ്ങനെ കഥ പറയും. കെ. എന്‍ ശശിധരന്‍, കെ.ആര്‍ മോഹന്‍,പവിത്രന്‍ എന്നിങ്ങനെ നിരവധി സുഹൃത്തുക്കള്‍കഥ കേള്‍ക്കാനുള്ള സംഘത്തിലുണ്ടാവും. ആ കഥകളാണ്‌ പിന്നീട്‌ എഴുതപെട്ടത്‌. എന്നെ അരവിന്ദനു പരിചയപെടുത്തുന്നത്‌ ബാലേട്ടനാണ്‌. എഴുത്തിന്റെ ലോകത്തിലേക്ക്‌ എനിക്ക്‌ താല്‍പര്യമുണ്ടാവുന്നത്‌ ബാലേട്ടനിലൂടെയാണ്‌. വേറിട്ട്‌ കാഴ്ചകള്‍ കണ്ടപ്പോള്‍ ബാലേട്ടനു വലിയ സന്തോഷമായിരുന്നു.

പ്രവാസി മലാളിയോടെ പ്രത്യേകമായി എന്താണു പറയാനുള്ളത്‌ ?
പരസ്പരം സ്നേഹിക്കുക. സഹായിക്കുക, സാഹോദര്യം പുലര്‍ത്തുക.എന്നും നമ്മുക്ക്‌ മടങ്ങി വരാന്‍ നമ്മുടെ മണ്ണാണുണ്ടാകുക. നമ്മുടെ വ്യക്തിത്വം സൂക്ഷിക്കാനും, മലയാളി നല്ല ജനതാണ്‌ നമ്മളെന്ന് അറിവ്‌ മറ്റുള്ളവര്‍ക്ക്‌ കൊടുക്ക്‌ ആന്‍ നമ്മള്‍ക്ക്‌ കഴിയണം. പ്രവാസി ജീവിതത്തിലും, ഏത്‌ പരീക്ഷണ ഘട്ടത്തിലും അവന്‍ അവന്റെ സത്യ പ്രമാണങ്ങള്‍ കൈ വിടരുത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ