2010, സെപ്റ്റംബർ 25, ശനിയാഴ്‌ച

ചെങ്ങറ: ഒരു ബാക്കി പത്രം.

സമീപകലത്തു മുഴങ്ങി കേട്ട എറ്റവും തീക്ഷണവും, വ്യത്യ്സതവുമായ മുദ്രാവാക്യമായിരുന്നു ചെങ്ങറ സമരഭൂമിയില്‍ നിന്നു ഉയര്‍ന്ന ഒന്നുകില്‍ ഞങ്ങളെ വെടി വെച്ചു കൊല്ലുക അല്ലെങ്കില്‍ ഞങ്ങള്‍ക്ക്‌ കൃഷി ഭുമി നല്‍കുകയെന്ന മുദ്രാവാക്യം. ഇത്രമേല്‍ ത്രീവമായ നിലപാടിലേക്ക്‌ ഒരു ജനത മാറാന്‍ പ്രേരിപ്പിച്ച ഒരു സാമുഹിക സാഹചര്യം കേരളത്തില്‍ ഉരുത്തിരിഞ്ഞതെന്തെന്നു ആലോചിക്കേണ്ടതുണ്ട്‌. നാം കൈവരിച്ച നേട്ടങ്ങളൊന്നും, നേട്ടങ്ങളായിരുന്നില്ലെന്നും, എവിടെയോ അപകാതകളുണ്ട്‌ എന്നും ഈ വാക്യം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

സമരക്കാരെ സമര ഭൂമിയില്‍ നിന്ന് ഇറക്കി വിടാന്‍ കോടതി വിധിയുണ്ടായതിനെ തുടര്‍ന്ന് 2008 മാര്‍ച്ച്‌ രണ്ടാം തീയതി ആതമാഹൂതിയ്ക്ക്‌ തയ്യാറായി ആയിരകണക്കിനു സമരക്കാര്‍ റബ്ബര്‍ മരങ്ങളില്‍ മണ്ണെണയുംതീപെട്ടിയുമായി വലിഞ്ഞു കയറിയത്‌ അവര്‍ പറഞ്ഞത്‌ പ്രാവര്‍ത്തികമാക്കുന്നവരാണെന്നു തെളിയിച്ചു.സ്ത്രീകളും കുട്ടികളും, സാരിയുമായി കഴുത്തില്‍ കുരുക്കിടാന്‍ ഒരുങ്ങി നിന്ന സംഭ്രമജനകമായ നിമിഷമയിരുന്നു അത്‌. ചെങ്ങറ സമര ഭൂമിയില്‍ നിന്ന് സമരക്കാരെ ഒഴിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍, നൂറുകണക്കിനു പേര്‍ ആത്മാഹൂതി ചെയ്യുമായിരുന്നു. കേരളത്തില്‍ ഒരു ഇടതു സര്‍ക്കാര്‍ അല്ലായിരുന്നുവെങ്കില്‍, തീര്‍ച്ചയായും ചെങ്ങറയില്‍ ചോരപ്പുഴ ഒഴുകുമായിരുന്നു. ഒരു തുള്ളി ചെങ്ങറയില്‍ ചീന്തരുതെന്ന് നിലപാട്‌ ഒടുവില്‍ വരെ സര്‍ക്കാര്‍ കാത്തു. അത്‌ തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്ന കാര്യമാണ്‌.

2007 ആഗസ്റ്റ്‌ നാലിനു 300 കുടുംബങ്ങള്‍ ഹാരിസണ്‍ മലയാളം കൈവശം വക്കുന്ന ചെങ്ങറ എസ്റ്റേറ്റില്‍ കുടില്‍ കെട്ടി ആരംഭിച്ച സമരം രണ്ടു മാസത്തിനുള്ളില്‍ 7000 കുടുംബങ്ങള്‍ പങ്കെടുത്ത സമരമായി മാറുകയായിരുന്നൂ. എല്ലാ ജാതിയിലും പെട്ടവര്‍ അണിനിരന്ന സമരമായിരുന്നെക്കിലും കൂടുതലും ദളിതരായിരുന്നു.രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ സമരക്കാരുടെ എണ്ണത്തില്‍ സാരമായ കുറവുണ്ടായി. സമരം അനശിചിതമായി നീണ്ടു പോകുന്നത്‌ കാരണം നൂറുകണക്കിനു പേര്‍ സമരത്തില്‍ നിന്ന് കൊഴിഞ്ഞു പോയി. സമരഭൂമിയിലെ റബര്‍ മരങ്ങള്‍ ടാപ്പ്‌ ചെയ്യുന്ന തൊഴിലാളികളും സമരക്കാരുമായുള്ള ഏറ്റുമുട്ടല്‍ പലപ്പോഴും ചെങ്ങറയിലെ സമാധാന അന്തരീക്ഷം തകര്‍ത്തു. പ്രാദേശികമായി ചൂണ്ടി കാണിക്കാവുന്ന ഒരു ജനപിന്തുണയും ഈ സമരത്തിനുണ്ടായില്ലെങ്കിലും, പ്രശസ്ത സാഹിത്യകാരി അരുന്ധതി റോയി,പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തക മേധാപട്കര്‍ തുടങ്ങിയവരുടെ പിന്തുണ ഈ സമരത്തിനുണ്ടായിരുന്നു. ദേശീയ മാധ്യമങ്ങളില്‍ ചെങ്ങറ സമരം വലിയ തലക്കെട്ടൊടെയാണ്‌ പ്രത്യക്ഷപെട്ടത്‌.

കേരളത്തില്‍ ഭൂരഹിതരായവരിലായവര്‍ ദളിത്‌ വര്‍ഗത്തില്‍ പെട്ടവരായതിനാലാണ്‌ ചെങ്ങറ സമരത്തിലും കൂടുതല്‍ ദളിതര്‍ വന്നത്‌. ദളിതരേക്കാള്‍ മൂന്നും നാലുമിരട്ടി ഭൂമിയാണ്‌ മറ്റു സമുദായക്കരുടെ കൈവശമുള്ളത്‌. സാധു ജന വിമോചന സംയുകത വേദി പറയുന്നതു പ്രകാരം 12,500 ദലിത്‌ കോളനികളിലും 4083 ആദിവാസികോളനികളിലായി പതിനായിരകണക്കിനു കുടുംബങ്ങള്‍ താമസിക്കുന്നത്‌ പ്രാഥമിക സൗകര്യങ്ങള്‍ പോലുമില്ലാതെയാണ്‌. വയലിറമ്പിലും പുറമ്പോക്കിലും അവര്‍ നൂറ്റാണ്ടുളായിതാമസിക്കുന്നു. കേരളത്തിലെ ഭൂപരിഷ്കരണത്തിന്റെ പരിമിതിയാണിതിനു കാരണമെന്നു പറയുമ്പോള്‍, ആരു ശ്രദ്ധിക്കാതെ പോകുന്നു. ഫലമോ മുത്തങ്ങയും ചെങ്ങറയും ആവര്‍ത്തിക്കുന്നു.

കൃഷി ഭൂമിക്ക്‌ വേണ്ടയുള്ള സമരമാണ്‌ ചെങ്ങറയില്‍ നടന്നത്‌. ആദ്യം അഞ്ചേക്കര്‍ ഭൂമിയാണാവശ്യപെട്ടതെങ്കിലും, ഒടുവില്‍ ഒരേക്കര്‍ ഭൂമിയും, കൃഷിയിറക്കാനാവശ്യമായ ചിലവുമാണ്‌ അവര്‍ ആവശ്യപ്പെട്ടത്‌. ഈ കൃഷി ഭൂമി തങ്ങളുടെ പേരില്‍ തരണമെന്നു അവര്‍ ആവശ്യപ്പെട്ടിട്ടില്ല. ആവശ്യമായ കാര്‍ഷിക വിഭങ്ങളുടെ ലഭ്യതയില്‍ അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തില്‍ കുറെ ആളുകള്‍, കൃഷി ചെയ്യാനുള്ള അവസരം തരു എന്നു പറയുമ്പോള്‍, അതില്‍ പുതുമയുണ്ട്‌. അവര്‍ വാഗ്ദാനം ചെയ്യുന്ന രീതിയില്‍ കൃഷി നടക്കുന്നില്ലെങ്കില്‍, തിരിച്ചെടുക്കാനുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചാല്‍ മതിയല്ലോ ? മണ്ണുമായി ജൈവ ബന്ധമുള്ള കുറെയാളുകളുടെ ഈ ആവശ്യം പരിഗണിക്കപെടേണ്ടതായിരുന്നു. അതു വഴി ഒരു പുതിയ കാര്‍ഷിക സംസ്കാരത്തിനു തുടക്കമിടാന്‍ കഴിയുമായിരുന്നു. കൃഷി ചെയ്യാന്‍ താല്‍പര്യമുള്ളവന്റെ കയ്യില്‍ ഭൂമിയില്ലതെ പോകുന്നു. ഭൂമി കയ്യിലുള്ളവനു അതില്‍ പണിയെടുക്കാന്‍ താല്‍പര്യവുമില്ല. ഇതൊരു ദുരന്തമാണ്‌.

ന്യായമായ ഒത്തു തീര്‍പ്പാണ്‌ നടന്നതെന്ന് ഭരണപക്ഷവും, പ്രതി പക്ഷവും പ്രഖ്യാപിക്കുന്നതു കൊണ്ട്‌ എല്ലാം അവസാനിക്കുന്നില്ല. ഭരണപക്ഷത്തിനു നേരെ പ്രയോഗിക്കാനുള്ള ഒരായുധം മാത്രമായിരുന്നു പ്രതിപക്ഷത്തിനു ചെങ്ങറ സമരം. ഭൂമിക്ക്‌ വേണ്ടിയുള്ള ദളിതരുടെ സമരം അച്യുതാനന്ദന്‍ സര്‍ക്കാറിന്റെ കാലത്തും മാത്രം തുടങ്ങിയതല്ലല്ലോ. അതിനു മുമ്പും ഈ സമരം മറ്റൊരു രീതിയില്‍ ഇവിടെ നിലനിന്നിരുന്നു. അതിനോട്‌ യു.ടി. എഫ്‌ സര്‍ക്കാര്‍ അനുകൂലമായ ഒരു നിലപാടു സ്വീകരിച്ചെങ്കില്‍ അവരുടെ നിലപാടിനെ സംശയിക്കേണ്ടതില്ലായിരുന്നു.

ആര്‍ക്കും ഹെജാക്ക്‌ ചെയ്യാവുന്ന ഒരു മട്ടിലാണ്‌ സാധു ജന സംയുകത വിമോചന മുന്നണിയുടെ പോക്ക്‌. 2002-ല്‍ പത്തനം തിട്ട ജില്ലയില്‍ രജിസ്റ്റര്‍ ചെയത സാധു ജന വിമോചന സംയുക്ത വേദിക്ക്‌ കേരളത്തിലെ ദളിതരുടെയിടയില്‍ ഇന്നു സ്വാധീനമുണ്ട്‌. ഇത്‌ വോട്ട്‌ ബങ്കാക്കി മാറ്റാനുള്ള ശ്രമമാണ്‌ ഉമ്മന്‍ ചാണ്ടിയും കൂട്ടരും നടത്തുന്നത്‌. സാൂഹ്യ നീതിക്ക്‌ വേണ്ടി ഇടതു പ്രസ്ഥാനം നടത്തിയ പോരാട്ടങ്ങളെ ളാഹ ഗോപാലനും, സെലീന പ്രക്കാനവും സൗകര്യപൂര്‍വ്വം മറക്കുന്നു.


ഒരു നൂറ്റാണ്ടു മുമ്പ്‌ തിരുവിതാം കൂര്‍ മഹാരാജാവില്‍ നിന്നും പാട്ടത്തിനെടുത്ത ഭൂമിയയണ' 1048 ഏക്കര്‍ വരുന്ന ഹാരിസണ്‍ എസ്റ്റേറ്റ്‌. പാട്ടാകരാര്‍ അവസാനിച്ചിട്ടും, ഹാരിസന്റെ അധികാരം അവസാനിക്കുന്നില്ല. മണ്ണിന്റെ മേലുള്ള ഈ അധികാരം എത്ര നാള്‍ തുടരും. ഈ ഭൂമി വീണ്ടും അളന്നു തിട്ടപ്പെടുത്തണമെന്നും, പാട്ട കുടിശ്ശിഖ പിരിച്ചെടുക്കണമെന്നായിരുന്നു സമരക്കാരുടെ മറ്റൊരാവശ്യം.

ഹാരിസന്റെ അധീനതയിലുള്ള മൂവായിരം ഏക്കര്‍ ചെറുവള്ളി എസ്റ്റേട്ട്‌ ഭൗതിക മോഹങ്ങള്‍ പാടില്ലെന്ന് വിശ്വാസികളെ ഉദ്ബോധിപ്പിക്കുന്ന കെ.പി. യോഹന്നാനു വിറ്റതില്‍ നിയമ സാധുത ബന്ധപെട്ടവര്‍ പരിശോധിക്കേണ്ടതുണ്ട്‌.

1951-58 കാലത്ത്‌ സര്‍ക്കാര്‍ കണ്ടെത്തിയത്‌ 11 ലക്ഷം ഏക്കര്‍ മിച്ച ഭൂമിയുണ്ടെന്നായിരുന്നു. 1970 ആയപ്പോള്‍ അതു 90,000അം ഏക്കറായി ചുരുങ്ങി. ടാറ്റയും, ഹാരിസണും പോലുള്ള കേരളത്തില്‍ കുത്തകകളുടെ കൈവശം അനധികൃതമായി ആയിരകണക്കിനു ഏക്കര്‍ ഭൂമിയുണ്ട്‌. ഭൂപരിഷകരണം നടത്തിയപ്പോള്‍, വന്‍കിട തോട്ടങ്ങളെ തൊഴിലാളികളുടെ ക്ഷേമം മുന്‍ നിര്‍ത്തി ഒഴിവാക്കുകയായിരുന്നൂ. തോട്ടം മേഖലയില്‍ പട്ടിണിയും പരിവട്ടവും തുടരുമ്പോള്‍, ആര്‍ക്കു വേണ്ടിയാണ്‌ കുത്തകകളെ സംരക്ഷിക്കുന്നത്‌. ഇതിനൊരു മാറ്റം വരേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണ്‌.


(ചെങ്ങറ സമര ഭൂമി രണ്ടുവട്ടം സന്ദര്‍ശിച്ചിരുന്നു. സമരം അതിന്റെ അന്തിമ ഘട്ടത്തിലെത്തില്‍ എത്തി നില്‍ക്കുന്ന ഈ സന്ദര്‍ഭത്തില്‍ നേരത്തെ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ കോപ്പി ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ