2010, നവംബർ 17, ബുധനാഴ്‌ച

എഴുതപെടാതെ പോകുന്ന ഗള്‍ഫനുഭവങ്ങള്‍

കേരളപിറവിയുടെ അന്‍പത്തിനാലാം വാര്‍ഷികത്തിലും,ഗള്‍ഫ്‌ കാരന്റെ ജീവിതം സംഘര്‍ഷ ഭരിതമായി തന്നെ തുടരുന്നു. വിസ തട്ടിപ്പുകളുടെയും,ശമ്പള കുടിശ്ശികകളുടെയും കഥകള്‍ അവസാനിക്കുന്നതേയില്ല. വീട്ടു വേലക്കാരികള്‍ നേരിടുന്ന കൊടും ക്രൂരതകളെയും ഹുറൂബാക്കപെട്ടവന്റെ നിസ്സഹായതെയും വിവരിക്കാന്‍ ഭാഷപോലും അപുൂര്‍ണമാണ്‌. കഴിഞ്ഞ ഒരു വര്‍ഷമായി സ്പോണ്‍സര്‍ തടവിലാക്കിയ ഒരു സഹോദരിയെ മോചിപ്പിക്കാന്‍, എംബസ്സിക്കോ, പ്രവാസ മന്ത്രാലയത്തിനോ കഴിയുന്നില്ലെന്ന പത്ര വാര്‍ത്ത ഈ ദുരവസ്ഥയുടെ തീവ്രത വെളിവാക്കുന്നുണ്ട്‌. ഈ നിര്‍ഭാഗ്യവാന്മാരുടെ എണ്ണമെത്രയെന്ന് തിട്ടപെടുത്തുമ്പോള്‍ മാത്രമേ, ഗള്‍ഫു കുടിയേറ്റം നമ്മുക്ക്‌ നല്‍കിയതെന്തെന്ന് അന്തിമമായി വിലയിരുത്താനാവൂ. അനന്തമായ കാത്തിരിപ്പിന്റെ നൊമ്പരത്തിനു നാമെന്തു വില നിശ്ചയിക്കും? ഭര്‍ത്താവ്‌ ഗള്‍ഫിലായതിനാല്‍, ജീവിതത്തിന്റെ മുഴുവന്‍ പ്രതിബന്ധങ്ങളെയും തനിച്ചു നേരിടാന്‍ വിധിക്കപെട്ട പത്തു ലക്ഷത്തിലധികം ഭാര്യമാരുടെ സങ്കടത്തിനു എന്തു പകരം വെയ്ക്കും ? ജീവിതമെന്നത്‌ കോണ്‍ക്രീറ്റ്‌ കാടുകളിലെ താമസമോ, വിലകൂടിയ വീട്ടു സാധനങ്ങളോ ഒന്നുമല്ലല്ലോ?
തീക്ഷണമായ ജീവിതാനുഭവങ്ങളുടെ കത്തുന്ന ഉച്ച വെയിലിലും, ഗള്‍ഫനുഭവം എന്തു കൊണ്ട്‌ സര്‍ഗ്ഗ സൃഷ്ടികളായി പുന:സൃഷ്ടിക്കപെടുന്നില്ലയെന്നൊരു ചോദ്യം ബാക്കിയാവുന്നുണ്ട്‌. നമ്മുടെ എഴുത്തുകാരുടെ കഥയിലും കവിതയിലും ചൊടിപ്പിക്കുന്ന പാടി പതിഞ്ഞ ഗ്രഹാതുരതയുടെ താളം മാത്രമെ മുഴങ്ങുന്നുള്ളു. പ്രവാസ അനുഭവം എഴുതുന്നുത്‌ കൊണ്ട്‌ താന്‍ പ്രവാസി സാഹിത്യകാരനായി മുദ്രയടിക്കപെടുമോയെന്ന് ഭയക്കുന്നുവരുമുണ്ടാകാം.
1980 കളില്‍ ഡല്‍ഹിയിലുണ്ടായിരുന്ന പ്രവാസി എഴുത്തുകാരായ കാക്കനാടന്‍, മുകുന്ദന്‍,ഒ.വി.വിജയന്‍ തുടങ്ങിയവരില്‍ നിന്ന് നമ്മുക്ക്‌ എക്കാലത്തെയും മികച്ച രചനകള്‍ ലഭിച്ചു.അവരുടെ സഹൃദ കൂട്ടായ്മയില്‍ ആരോഗ്യകരമായ സാഹിത്യ സംവാദങ്ങളും അരങ്ങേറി. തങ്ങളുടെ രചനയുടെ പണിക്കുറവു തീര്‍ക്കാനുള്ള ഭാവുകത്വ അന്തരീക്ഷം കൂടിയായിരുന്നു ആ കൂട്ടായ്്മ. ഈ കൂട്ടായമയില്‍ മാത്രമല്ല കണോട്ട്‌ പ്ലേസിലെ തന്റെ കുടുസ്സു ഓഫിസിലെത്തുന്ന എതൊരു മലയാളിയുടെ മുന്നിലും ഖസാക്കിന്റെ ഇതിഹാസത്തിന്റെ ഒരധ്യായമെങ്കിലും ഒ.വി. വിജയന്‍ വായിച്ചു കേള്‍പ്പിക്കുമായിരുന്നുവെന്ന് മുകുന്ദന്‍ പറഞ്ഞിട്ടുണ്ട്‌. അത്തൊരു ഭാവുകാത്വ അന്തരീക്ഷം ഗള്‍ഫിലുണ്ടാവുക പ്രയാസകരമാണ്‌. യു.ഏ.യിലും, ബഹറിനിലും, ഖത്തറിലും, സൗദി അറേബ്യയിലുമൊക്കെയായി ചിതറി കിടക്കുകയാണല്ലോ ഗള്‍ഫിലെ മലയാളി എഴുത്തുകാര്‍. ഇവിടെ ഓരോരുത്തരും ഒറ്റപെട്ട തുരുത്തുകളില്‍ ജീവിക്കുന്നവരാണ്‌. സാഹിത്യ ചര്‍ച്ചകളും സംവാദങ്ങളും പലപ്പോഴും കാര്യ മാത്ര പ്രസ്കതമായി മാറുന്നില്ല. വിഷയത്തെ കുറിച്ച്‌ അറിവുള്ളവരുടെ അഭാവമാണിത്തരം വേദികളില്‍ മുഴച്ചു നില്‍ക്കുന്നത്‌.
തീര്‍ച്ചയായും ആടു ജീവിതം (ബന്യാമിന്‍), ദുബായ്പുഴ (കൃഷണദാസ്‌), മരുഭൂമിയുടെ ആത്മകഥ (മുസാഫിര്‍ അഹമ്മദ്‌) കാലസ്ഥിതി ( പി. മോഹനന്‍), പ്രവാസിയുടെ കുറിപ്പുകള്‍ (ബാബു ഭരദ്വാജ്‌) തുടങ്ങിയവരുടെ കൃതികളെ വിസ്മരിച്ചുകൊണ്ടാല്ല ഗള്‍ഫനുഭവം എഴുതുന്നില്ലായെന്ന് പറയുന്നത്‌. അതൊക്കെയും,അന്തമായ ജീവിതാനുഭാവങ്ങളിലേക്കുള്ള ഒരെത്തി നോട്ടം മാത്രമായിരുന്നു വെന്നു മാത്രം. ആധുനികാനനന്തര തലമുറയിലെ മികച്ച എഴുത്തുകാരനായ ടി.വി. കൊച്ചു ബാവയുടെ സൃഷ്ടികളില്‍ പോലും പ്രവാസം ഒരു ഘടകമായി മാറിയിട്ടില്ല. തീഷണമായി വെറുക്കുന്നതോ,ഇഷടപെടുന്നതായ ഒന്നിനെകുറിച്ചുമാത്രമേ എഴുതാനാവു എന്നാണ്‌ ഇതിന്റെ കാരണമായി ബാവ പറഞ്ഞത്‌. ശിഹാബുദ്ദീന്‍ പൊയ്തുംകടവിന്റെ ചുരുക്കം ചില കഥകളില്‍ ഗള്‍ഫ്‌ തിരനോട്ടം നടത്തുന്നുണ്ട്‌.

നമ്മുടെ കാലത്തെ അടയാള പെടുത്തുന്നതിനു പകരം ഗള്‍ഫിലെ ഭൂരിപക്ഷം എഴുത്തുകാരും ഗൃഹാതുരതയുടെ ഇരകളായി മാറ്റപെട്ടിരിക്കുന്നു. തീര്‍ത്തും വൈയ്കതികമായ എന്തെങ്കിലുമൊരു ആശയം, ബാല പംകതിയില്‍ പോലും, ഇടം തേടാന്‍ യോഗ്യതയില്ലാത്തവയൊക്കെ കവിതയുടെ പേരില്‍ ഗള്‍ഫ്‌ ഫീച്ചറുകളില്‍ അച്ചടി മഷി പുരണ്ടു വരുന്നു. നാട്ടില്‍ നിന്നു ഇവിടേക്ക്‌ ആദ്യമായി എത്തുന്ന ലബ്ധ പ്രതിഷഠരായ സാഹിത്യകാരന്മാര്‍ വാത്സല്യം നിമിത്തം നല്ലത്‌ എന്നഭിപ്രായ പെടുമ്പോള്‍, ഒരു അഭിനവ മാധവിക്കുട്ടിയോ, മാധവനോ ജനിക്കുകയായി. അവനവന്‍ തീര്‍ക്കുന്ന മായികലോകത്തെ സാഹിത്യ തമ്പുരാക്കാന്മാര്‍.ബ്ലോഗ്‌ ഇക്കൂട്ടര്‍ക്ക്‌ ഒരനുഗ്രഹമാകുന്നു. അവിടെ പ്രസാധകനും, എഴുത്തുകാരനും ഒരാള്‍ തന്നെയാണല്ലോ. നിരവധി ഓഫീസ്‌ വ്യവഹാരങ്ങളിക്കിടയില്‍ വായിക്കുന്നവനെഴുതുന്ന 'അടിപൊളി, അതി മനോഹരം' എന്ന ക്ലീഷയായ അഭിപ്രായ പ്രകടനങ്ങളും കൂടി ആകുമ്പോള്‍, ജീവിച്ചതൊന്നുമല്ല ജീവിതമെന്നും, മധുരിക്കുന്ന ജീവിതം ഇനിയുമെത്രയോ ബാക്കികിടക്കുന്നുവെന്നു ഈ എഴുത്തുകാര്‍ക്ക്‌ തോന്നുന്നുണ്ടാവം. ജീവിതവുമായി ചേര്‍ന്നു നില്‍കുന്ന രചനകള്‍ മാത്രമേ നില നില്‍ക്കുവെന്ന് അവര്‍ മറന്നു പോകുന്നു.

കടലിനക്കരെയുള്ളവന്റെ സര്‍ഗ്ഗാതമക അഭിരുചികളെ പരിപോഷിപ്പിക്കാന്‍ നടത്തിയ സാഹിത്യ ക്യാമ്പില്‍ എഴുപതോളം പ്രതിനിധികള്‍ പങ്കെടുത്തു. ഗള്‍ഫെഴുത്തിനായി കേരളം കാത്തിരിക്കുന്നുവെന്നാണ്‌ എം. മുകുന്ദന്‍ ഉദ്ഘാടന യോഗത്തില്‍ പറഞ്ഞത്‌. പുതിയ അനുഭവങ്ങള്‍ക്കായി വായനകാര്‍ കാത്തിരിക്കുന്നു. ആടു ജീവിതത്തിന്റെ വിജയം അതു നമ്മുക്ക്‌ വെളിവാക്കി തരുന്നുണ്ട്‌. പക്ഷേ നമ്മുടെ എഴുത്തുകാരുടെ പേനയില്‍ നിന്ന് ഗ്രഹാതുരതയുടെ മഷി മാത്രമേയുള്ളുവെങ്കില്‍ എന്തു ചെയ്യും ?
 
കേരളത്തിലെ സാഹിത്യ- സംഗീത അക്കാഡമികളുടെ സെന്ററുകള്‍ ഗള്‍ഫില്‍ ആരംഭിക്കുന്നതും തീക്ഷണമായ പ്രവാസ രചനക്ക്‌ അവാര്‍ഡ്‌ നല്‍കിയതും ഗള്‍ഫിലെ എഴുത്തുകാരെ പ്രചോദിപ്പിക്കുന്നതാണ്‌. ഇനി തങ്ങളെ ആരും ഗൗനിക്കുന്നില്ലെന്ന് ഒരു എഴുത്തുകാരനു മുറവിളി കൂട്ടേണ്ടതില്ല. കേരളത്തിനു പുറത്താണ്‌ മലയാളം വളരുന്നതെന്ന് അക്കാഡമിയും തിരിച്ചറിഞ്ഞിരിക്കുന്നു.പ്രവാസ സാഹിത്യം ചവറാണെന്ന് പറയുന്നതിനു മുമ്പ്‌ രണ്ടു വട്ടം ഇനിയും ആലോചിക്കേണ്ടി വരും.
പ്രവാസിയുടെ ആതമ സംഘര്‍ഷങ്ങളും, ജീവിത വ്യഥകളും ആരുമെഴുതാതെ പോകുന്നു. അഥവാ, ആരെങ്കിലുമൊക്കെ എഴുതിയാല്‍ പണിക്കുറവു നിമിത്തം അതൊക്കെ ശ്രദ്ധാര്‍ഹമായി തീരുന്നില്ല. നാട്ടിലെ പത്ര പ്രവര്‍ത്തകാരയാ എഴുത്തുകാരുടെ മൂന്നാം കിട സൃഷ്ടികള്‍ മുഖ്യധാര ആനുകലിങ്ങളില്‍ ഇടം പിടിക്കുമ്പോളും, പ്രവാസ എഴുത്തുകാരുടെ സൃഷ്ടികള്‍ പലപ്പോഴും പരിഗണിക്കപെടുന്നില്ല.ഇതിനു പ്രധാന കാരണം, എഴുത്തിന്റെ മേഖലയിലെ പുതിയ പ്രവണതകളെക്കുറിച്ചുള്ള ഗള്‍ഫില്‍ നിന്നെഴുതുന്നവരുടെ അജ്ഞതയാണേന്നു കരുതാനെ കഴിയു. പരന്ന വയനയില്ലാത്തതിന്റെ കുറവ്‌ ഗള്‍ഫിലെ എഴുത്തുകാര്‍ നേരിടുന്നുണ്ട്‌.അനുഭവങ്ങളുടെ ദാരിദ്യ്‌രം ഒരു പ്രധാന ഘടകമായി മാറുന്നു. മലയാള കഥയുടെയും, കവിതയുടെയും, നോവലിന്റെയും വികാസ പരിണാമങ്ങളെക്കുറിച്ച്‌ അറിയുന്നത്‌ തന്റെ തലമുറ എവിടെയെത്തി നില്‍ക്കുന്നുവെന്നറിയാന്‍ സഹായിക്കും. കഥയില്‍ കാരൂരിനെയോ, കവിതയില്‍ ആശാനെയോ വായിക്കാതെ എന്തെഴുത്ത്‌ ? പുതിയ ഗ്രനഥങ്ങള്‍ ഗള്‍ഫില്‍ കിട്ടാക്കനിയാണ്‌. ജീവ കരുണ്യത്തിന്റെ മേഖലയില്‍ സജീവമാകേണ്ടത്‌ അനിവാര്യമാണെന്നതില്‍ തര്‍ക്കമില്ല. അതോടൊപ്പം, താല്‍പര്യമുള്ളവര്‍ക്ക്‌ പുസ്തകം ലഭ്യമാക്കുന്നതിനുള്ള എളിയ ശ്രമം സംഘടനകള്‍ ഏറ്റെടുക്കണം. വായിക്കാതെ വളരുന്ന കുട്ടികളാണ്‌ ഗള്‍ഫിലേറെയും. വായിക്കാതിരിക്കുന്നത്‌ ഫാഷനായി മാറുന്ന കാലമാണിത്‌. എങ്ങനെ ജീവിതത്തില്‍ വിജയിക്കാം എന്നതാണ്‌ പൊതുവായ ചിന്ത. വിജയക്കുന്ന മനുഷ്യനെന്നത്‌ കൂടുതല്‍ പണമുണ്ടാക്കുന്നവന്‍ എന്നതാണ്‌ പുതിയ കാലത്തിന്റെ സമവാക്യം. വായിക്കാതെ വളര്‍ന്നാല്‍ വളയുമെന്ന കുഞ്ഞുണ്ണിക്കവിത താല്‍ക്കാലിക ലാഭങ്ങള്‍ക്ക്‌ വേണ്ടി നാം സൗകര്യപൂര്‍വ്വം വിസമരിക്കുന്നു. വായിക്കാതെ വളരുമ്പോള്‍ വികസിക്കാത്ത ഭാവനാ ലോകം ആരെയും അലട്ടുന്നില്ല.

ഗള്‍ഫിലുള്ള സാഹിത്യ തല്‍പരരെ പങ്കെടുപ്പിച്ചുകൊണ്ട്‌ കേരള സാഹിത്യ അക്കാഡമിയുടെ ആഭിമുഖ്യത്തില്‍ ഒരു സാഹിത്യ ക്യാമ്പ്‌ സെപറ്റംബറില്‍ ബഹറിനില്‍ വെച്ച്‌ നടത്തപെടുകയുണ്ടായി. ഇത്‌ ഗള്‍ഫ്‌ മേഖലയിലെ യുവ സാഹിത്യ കാരന്മാര്‍ക്ക്‌ ദിശാ ബോധം നല്‍കുന്നതായിരുന്നു. എം. മുകുന്ദന്‍, കെ.സ്‌. രവികുമാര്‍, കെ.പി.രാമനുണ്ണി തുടങ്ങിയ പ്രശസ്ത എഴുത്തുകാരായിരുന്നു ക്യാമ്പിനു നേതൃത്വം നല്‍കിയത്‌. 1960 കളിലാരംഭിക്കുന്ന ഗള്‍ഫ്‌ കുടിയേറ്റത്തിന്റെ നാള്‍ വഴിയില്‍ സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഗള്‍ഫില്‍ നടത്തപെടുന്ന ആദ്യ ക്യാമ്പായിരുന്നു ഇത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ