2011, സെപ്റ്റംബർ 12, തിങ്കളാഴ്‌ച

അരോഗ ദൃഡ ഗാത്ര




അര്‍ദ്ധരാത്രിയടുക്കാറയപ്പോഴാണ് അയലത്തെ വീടിന്റെ മുന്നില്‍ ഒരു വണ്ടിവന്നു നിന്നത്. ജനാലയുടെ തിരശ്ശീല മാറ്റി പുറത്തേക്ക് നോക്കി. ചെറുതല്ലാത്തെ ഒരു പെട്ടിയും തൂക്കി യുവത്വം മാറിയിട്ടില്ലാത്തൊരാള്‍ നിലാവിലേക്കിറങ്ങുന്നു..

ആരാണയാള്‍... ഈ അസമയത്ത്..


അരോഗ ദൃഡഗാത്രയായ ഒരു യുവതി താമസിക്കുന്ന ഈ വീട്ടില്‍, കോളനിയിലെ സര്‍വ്വ ചരാചരങ്ങളും നിദ്രയിലാണ്ട ഈ വേളയില്‍..



എനിക്ക് ഇരിപ്പുറപ്പിക്കാനാകുന്നില്ല. വായിച്ചു കൊണ്ടിരുന്ന പുസ്തകം മടക്കി ഞാന്‍ ചിന്തയിലാണ്ടു. അവളുടെ രണ്ടു വയസ്സുകാരന്‍ മകന്‍ എട്ടു മണിയാകുമ്പോഴെ ഉറക്കം പിടിക്കുമെന്നു ആ സമയത്തുള്ള അവളുടെ പതിഞ്ഞ താരാട്ടു പാട്ടില്‍ നിന്ന് എനിക്കറിയാം. എഴുമണിയോടെ ഞാന്‍ വായനശാല വിട്ടു വരുമ്പോള്‍, വീട്ടു ജോലിക്കു പകല്‍ സമയത്ത് വന്ന പ്രായം ചെന്ന് സ്ത്രീ തിരിച്ചു പോകുന്നത് പതിവായി കാണാറുണ്ട്്. അതെ അവള്‍ ഒറ്റക്കാണ്. ഒരു പക്ഷേ അസഹനീയമാം വിധം ഒറ്റക്ക്.

അവള്‍ സുന്ദരിയാണ്. സുശീലയും കൂടിയാണെന്നാണ് ഈ അര്‍ദ്ധ രാത്രി വരെ കരുതിയിരുന്നത്..എല്ലാ കണക്കു കൂട്ടലുകളും തെറ്റുന്നത് അര്‍ദ്ധരാത്രിയിലാണോ ?


ഒരു കൊല്ലമായിട്ടുണ്ടാവും അവള്‍ ആ വാടക വീട്ടില്‍ താമസിക്കാന്‍ തുടങ്ങിയിട്ട്. നഗരത്തിലെ ഏതോ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലിക്കു പോകാനുള്ള സൌകര്യം കണക്കിലെടുത്താണ് ഇവിടെ താമസിക്കുന്നതെന്നാണ് വീട് തരപെടുത്തി കൊടുത്ത ഇടനിലക്കാരന്‍ പറഞ്ഞത്. ചോദിക്കാനും പറയാനും ആരുമില്ലാത്തവളായിരിക്കുമോ? ബന്ധുക്കളായി ആരെയും ഇതുവരെ അവിടെ കണ്ടിട്ടില്ല.

ധിക്കാരിയാണ്. സൂപ്പര്‍ മാര്‍ക്കറ്റില്‍ വെച്ച് കണ്ടപ്പോള്‍ അയല്‍വാസിയായിട്ട് കൂടി പരിചയഭാവം കാണിച്ചില്ല. ബൈക്കില്‍ വിടാമെന്നു പറഞ്ഞിട്ടും കുറഞ്ഞപക്ഷം നോ താങ്ക്സ് എന്നു കൂടി പറയാതെ നടന്നു കളഞ്ഞവള്‍.

മിണ്ടാപൂച്ച കലമുടക്കും. പഴചൊഞ്ചില്ലില്‍ പതിരില്ല. സത്യം. മിണ്ടാപൂച്ച കലമുടക്കുന്നത് അര്‍ദ്ധരാത്രിയുടെ ഏകാന്തയാമങ്ങളിലാണെന്നു കൂട്ടി ചേര്‍ക്കേണ്ടതുണ്ട്. കാലത്തിനനുസരിച്ച് എല്ലാം മാറണം. പഴഞ്ചൊല്ലും.

ആരാണയാള്‍....ഒരു കൂസലും കൂടാതെ ഒരു ചെറുപ്പക്കാരിയുടെ താമസ സഥലത്ത്..


രൂപവും ഭാവവും കണ്ടിട്ട് കള്ളനാണെന്ന് തോന്നുന്നില്ല. അവളുടെ സഹപ്രവര്‍ത്തകനായിരിക്കാം. ആള്‍ മാന്യനാണെന്നു തോന്നുന്നു. പകല്‍ മാന്യന്‍.

സദാചാരത്തിന്റെ കാവല്‍ മാലഖമാര്‍.. ഫു...ദാമുവേട്ടന്‍ കാറി തുപ്പികൊണ്ടു തുടര്‍ന്നു.


കേരളീയ സംസ്കാരത്തിന്റെ കടക്കല്‍ കത്തി വെക്കുന്ന ഏടപാട് ഇവിടെ അനുവദിക്കാനാവില്ല. രണ്ടിനെയും കയ്യോടെ പിടി കൂടി പോലിസില്‍ ഏല്‍പ്പിക്കുകയാണു വേണ്ടത്...ഇമ്മോറല്‍ ട്രാഫിക് ആക്റ്റ്.കുത്തഴിഞ്ഞ ലൈഗിംക സംസ്കാരം നാടില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. ഇതു അമേരിക്കയും യൂറോപ്പും ഒന്നുമല്ലല്ലോ.. കേരളമല്ലേ..


അസമയത്ത് വണ്ടി വന്നു നില്‍ക്കുന്ന ശബ്ദം കേട്ട് എന്നെപോലെ വീടിനു പുറത്തിറങ്ങിയ സമീപ വാസിയായ ദാമുവേട്ടന്‍ രോഷാകുലനായി പറഞ്ഞു തുടങ്ങി. പ്രാസംഗികനാണ്. ഏതു വിഷയമായാലും അഞ്ചാം മിനിട്ടില്‍ തീ പാറിക്കാനുള്ള അനിതരസാധാരണമായ സിദ്ധി.

സ്യതവുേളള ദാമുവേട്ടന്റെ കനത്ത ശബ്ദം കൂടുതല്‍ കരുത്താര്‍ജ്ജിച്ചു. പാതയോരത്തു നിന്നുള്ള ഞങ്ങളുടെ സംസാരം കേട്ട് പല വീടുകളിലും വെളിച്ചം വീണു. മിനിട്ടുകള്‍ക്കുള്ളില്‍ ആളുകള്‍ പെരുകി വന്നു. അന്തരീക്ഷം ശബ്ദായാനമായി.



പ്രാദേശിക ചാനലുകാരുടെ പാല്‍ വെളിച്ചത്തില്‍ അപരാധികള്‍ രണ്ടും പേരും തലകുനിച്ചു നിന്നു. കയ്യോടെ പിടിക്കപെട്ടതിന്റെ ജാള്യത രണ്ടു പേരുടെ മുഖത്തു നിന്നുö വടിച്ചെടുക്കാമായിരുന്നു. പുരുഷന്‍ ക്ഷീണതനാണ്. വൈദ്ദ്യ പരിശോധനയുടെ കടമ്പ കടക്കില്ലെന്ന് ദാമുവേട്ടന്‍ പറഞ്ഞപ്പോള്‍ എനിക്ക് ചിരി അമര്‍ത്താനായില്ല.


വിലങ്ങണിച്ച് പൊതു വഴിയിലുടെ നടത്തുമ്പോള്‍ പുരുഷന്‍ എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു. ഇവളെന്റെ ഭാര്യയാണെന്ന പതിവു പല്ലവി. ഗള്‍ഫുകാരനായ താന്‍ അവധിക്കു വന്നതാണെന്നും, ദേശിയ വിമാനം വൈകിയതിനാലാണ് രാത്രി അസമയത്ത് എത്തിയെതെന്നും മറ്റും.


ആരും അതൊന്നും ശ്രദ്ധിച്ചില്ല. ആര്‍ക്കും അതിനുള്ള സാവകാശമുണ്ടായിരുന്നില്ല.


ജനകൂട്ടം ആര്‍ത്തു വിളിച്ചു കൊണ്ടേയിരുന്നു. അവരെ കല്ലെറിയുകയെന്നും, ഇതു കേരളമാണെന്നും ആക്രോശിച്ചു കൊണ്ടേയിരുന്നു.






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ