2011, നവംബർ 26, ശനിയാഴ്‌ച

ജീവിതത്തിന്റെ തിരിവുകളില്‍ സംഭവിക്കുന്നത്

വീടും നാടും വിട്ടവന് ഉറ്റവരുടെ കത്ത് വിലപിടിച്ചൊരു മുത്താണ്.

പിണക്കത്തിന്റെയും, ഇണക്കത്തിന്റെയും ഇറക്കിവെയ്പ്. ഹൃദയ സ്പര്‍ശിയായ ഒട്ടേറെ ഓര്‍മ്മകളെ അത് തൊട്ടുണര്‍ത്തുന്നു.

അന്നത്തെ തപാലിലും ബീരാന്‍ കുട്ടിയുടെ പേരിലൊരു കത്തുണ്ടായിരുന്നു. ബാപ്പുട്ടി ജോലി കഴിഞ്ഞ് വൈകിട്ട് മുറിയില്‍ തിരിച്ചെത്തുമ്പോള്‍ കൂടെ പാര്‍പ്പുകാരന്‍ പറഞ്ഞു.


നാട്ടില്‍ നിന്നാണെന്നു തോന്നുന്നു. താനൊരു ഭാഗ്യവാന്‍. മോബൈല്‍ ഫോണിന്റെ ഈ കാലത്തും, ആഴചയിലാഴ്ചയില്‍ കത്തുകള്‍. ആറുകൊല്ലമയി നാട്ടില്‍ പോയില്ലെങ്കിലെന്താ കുഴപ്പം.

കിടക്കയില്‍ വിശ്രമിക്കുന്ന ആ എയര്‍ മെയിലിനെ ഒന്നേ നോക്കിയുള്ളു. ഹൃദയത്തിലേക്ക് കടക്കുന്ന ഒരു വാളിനെ കണ്ടതു പോലെ ബാപ്പുട്ടി പിന്തിരിഞ്ഞു. ഹൃദയത്തിന്റെ അടിത്തട്ടിനെ ചിന്നിക്കാന്‍ കെല്‍പ്പുള്ള വരികള്‍ കുത്തിനിറച്ചെത്തുന്ന ആ കത്ത് അയാളില്‍ ഈയിടെയായി വല്ലാത്ത അസ്വാസ്ഥ്യമാണുണ്ടാക്കുന്നത്.

ഇത് ബീരാന്‍ കുട്ടിയുടെ പേരിലുള്ള കത്തല്ലേ. ഞാന്‍ ബാപ്പുട്ടിയല്ലേ, എന്റെ പേരിലൊരു കത്തു വരാനുള്ള സാധ്യതയില്ലല്ലോയെന്നൊക്കെ ആ ലേബര്‍ ക്യാമ്പ് കിടുങ്ങുമാറുച്ചത്തില്‍ ചോദിക്കണമെന്നുണ്ടായിരുന്നു ബാപ്പുട്ടിക്ക്. എങ്കില്‍ താനെന്തിനു മുമ്പ് വന്ന കത്തുകള്‍ സ്വീകരിച്ചുവെന്ന് മറുചോദ്യം ഇരുളില്‍ മുങ്ങാന്‍ തുടങ്ങിയ ആ ലേബര്‍ ക്യാമ്പിന്റെ എല്ലാ കോണില്‍ നിന്നുമുയരുമെന്ന് ബാപ്പുട്ടിക്കറിയാം. ബീരാന്‍ കുട്ടിയെന്ന പേരുകാരന്‍ താനല്ലെന്ന് പറഞ്ഞാല്‍ സഹപ്രവര്‍ത്തകര്‍ ഇനി വിശ്വസിക്കാനിടയില്ല.

ബീരാന്‍ കുട്ടിയുടെ പേരിലുള്ള ആദ്യ കത്ത് ആ ലേബര്‍ ക്യാമ്പിന്റെ പോസ്റ്റ് ബോക്സിലെത്തുന്നത് ആറുമാസങ്ങള്‍ക്ക് മുമ്പാണ്. അഞ്ഞൂറോളം പേര്‍ അധിവസിക്കുന്ന ആ ലേബര്‍ ക്യാമ്പില്‍ ആ പേരിലൊരാള്‍ ഉണ്ടായിരുന്നില്ല. നൂറുകണക്കിനു കത്തുകള്‍ ആര്‍ത്തിയോടെ സ്വീകരിക്കപെടുന്നിടത്ത് ബീരാന്‍ കുട്ടിയുടെ പേരിലുള്ള കത്തുകളെ മാത്രം നിരാലംബതയുടെ നീണ്ട മൌനം കാത്തിരുന്നു. ദിവസങ്ങളോളം അത് മെയില്‍ ബോക്സില്‍ അനാഥമായി കിടന്നപ്പോള്‍ ഉള്ളിലൂറിയ അലിവിലാണു ബാപ്പുട്ടി ആ കത്ത് സൂക്ഷിച്ചുവെച്ചത്. ക്യാമ്പില്‍ താമസിയാതെ എത്തപെടാനിടയുള്ള ഓരാളുടെ കത്തായിരിക്കുമതെന്നു വിചാരിച്ചു. ഏതെങ്കിലുമൊരു ജീവിത സന്ദര്‍ഭത്തില്‍, ഇപ്പോള്‍പിടി തരാതിരിക്കുന്ന ആ മേല്‍ വിലാസക്കാരനെ കണ്ടുമുട്ടിയേക്കാം.

ഒരു മഹാ പ്രവാഹത്തിന്റെ ആദ്യ തുള്ളിയിലാണ് തന്റെ കൈക്കുള്ളിലെന്ന് തിരിച്ചറിഞ്ഞത് പിന്നീടുള്ള ആഴ്ചകളില്‍ ബീരാന്‍ കുട്ടിക്കുള്ള കത്തുകള്‍ ക്യാമ്പിന്റെ പോസ്റ്റ് ബോക്സിലേക്ക് മുറതെറ്റാതെ എത്തിയപ്പോഴായിരുന്നു.

വിദൂരതകളിലെങ്ങോ നിന്ന് ആരുടെയോ നേര്‍ച്ച പോലെ വന്നെത്തിയ കത്തുകളെല്ലാം എറ്റു വാങ്ങുകയും, സൂക്ഷിച്ചുവെക്കുകയും ചെയതു ബാപ്പുട്ടി. ഒന്നുപോലും കൈവിട്ടു കളയാന്‍ മനസ്സ് വന്നില്ല. ഒരു കത്തിനുവേണ്ടി ഹൃദയം തുടികൊട്ടിയ നാളുകളെക്കുറിച്ചുള്ള ഓര്‍മ്മ അപ്പോഴൊക്കെ മരുഭൂവിലെ മഴസ്പര്‍ശം പോലെ എല്ലാ പ്രതിരോധങ്ങളെയും തകര്‍ത്ത് അയാളിലേക്ക് ചാഞ്ഞു പെയ്തു..


സമുദ്രങ്ങള്‍ കടന്നെത്തുന്ന ഒരു കത്ത്. അതിലൊരു കുടുംബം.

നാട്ടിലേക്കുള്ള അവസാനത്തെ യാത്രയാണ് ബാപ്പുട്ടിയുടെ രീതികളെ തലകീഴെ മറിച്ചത്. അതിനും മുമ്പ്ത്ത എങ്ങും സ്പര്‍ശിക്കാതെ ചിലതു കേട്ടിരുന്നു. ഭാര്യയും കുട്ടികളും നല്ല ഭക്ഷണം കഴിക്കുന്നതിലും, മുന്തിയ വസ്ത്രം ധരിക്കുന്നതിലും കുശുമ്പും കുന്നായ്മയുമായി നടക്കുന്ന തെറിച്ച കൂട്ടത്തിന്റെ കുശുകുശുപ്പ്പ്പാണതെല്ലാമെന്ന് മനസ്സിനെ വിശ്വസിപ്പിച്ചു.

ഓട്ടോ റിക്ഷാക്കാരനുമായുള്ള ഭാര്യയുടെ ദുര്‍ന്നടപ്പിന്റെ ആദ്യ വെടിപ്പൊട്ടിച്ചത് പപ്പനായിരുന്നു. എവിടുന്നോ മേല്‍ വിലാസം തപ്പിപിടിച്ച് അവനെഴുതിയതു വായിച്ചപ്പോള്‍ ബാപ്പുട്ടിയുടെ കണ്ണുകള്‍ പുകഞ്ഞു. ചൂടു ദ്രാവകം ഒഴിക്കപ്പെട്ടതുപോലെ കാതുകള്‍. അവന്റെ കരണത്തൊന്നു പെടക്കാന്‍ തോന്നിയപ്പോള്‍.


ഒന്നു മുതല്‍ പത്തുവരെ തന്നോടോപ്പം ഒരുമിച്ചിരുന്നവന്‍ തന്നെ ഈ വേണ്ടാതീനം പറയുന്നോയെന്ന് ഫോണിലൂടെ ചോദിച്ചപ്പോള്‍ അവന്റെ തൊണ്ടയില്‍ നിന്നു ഉമിനീരു വറ്റുന്നത് ഇങ്ങേ തലക്കല്‍ നിന്നു തന്നെ അറിഞ്ഞു. അരിക്കും പലവ്യഞ്ജനത്തിനും കൊല്ലുന്ന വിലയെടുത്തപ്പോള്‍ കട മാറിയതിന് തോന്ന്യാസം പറഞ്ഞുണ്ടാക്കുന്നോയെന്ന ചോദ്യത്തിനു അവനു മറുമൊഴിയില്ലാണ്ടായി. അല്ലെങ്കിലും അവന്‍ പണ്ടേ നുണയാനാണെന്ന് തന്നോളം അറിയുന്നവര്‍ മറ്റാരുമില്ല. ചുട്ട കോഴിയെ പറപ്പിക്കുന്ന ഫയല്‍വാന്‍.

ബാല്യകാല സുഹൃത്തിനെ വാക്കിന്റെ ബലം കൊണ്ട് നിലക്കു നിര്‍ത്തി കഴിഞ്ഞപ്പ്പ്പ്പൊഴാണു പെറ്റ തള്ളയുടെ കത്തൊരു തീമഴയായി വന്നത്. അതിനുമുന്‍പ് പെരുനാളിന് അയച്ച ഡ്രാഫ്റ്റ് കിട്ടിയോ എന്നറിയാനായി വിളിച്ചപ്പോഴും, ഉമ്മ തുടങ്ങിയത് ഒരുമ്പട്ടോളില്‍ നിന്നായിരുന്നു. ഭൂമി മലയാളത്തില്‍ എത്രയോ ചൊവ്വുള്ള പെണ്‍പിള്ളാരുള്ളപ്പോള്‍ ഈ അശ്രീകരത്തിനെ തന്നെ വേണമായിരുന്നോയെന്ന ചോദ്യത്തിനുമുന്‍പില്‍ ഒരു നിമിഷം പകച്ചു പോയിയെന്നത് സത്യം. ആരോപണങ്ങളുടെ ഘോഷയാത്രയും, ഉമ്മയുടെ നിഗളിപ്പും നിക്കാഹിനു ശേഷം വീട്ടു ചിലവിനുള്ള പണം ഭാര്യയുടെ പേരില്‍ അയച്ചു തുടങ്ങിയതുകൊണ്ടുണ്ടായതല്ലേയെന്ന ഒറ്റ ചോദ്യത്തിനുമുന്നില്‍ ചിതറി തെറിച്ചു. അലമാരയുടെ താക്കോല്‍ കൂട്ടം കൈമാറിയതിന് ഇത്രക്കൊക്കെ വേണോയെന്ന രണ്ടാമത്തെ ചോദ്യത്തിനു മുന്നില്‍ ടെലഫോണ്‍ ബന്ധം എന്നേക്കുമായി വിഛേദിക്കപെട്ടു.


പഴയ സഹപാഠിയും പെറ്റതള്ളയും തന്നെ കരുതുകയണെന്ന് തിരിച്ചറിഞ്ഞത്,

മുന്നറിയിപ്പുകളൊന്നുമില്ലാതെ ഒരവധി കാലത്ത് ചെന്നതിനാലാണ്.

ഒരു നാള്‍, മുവന്തിക്ക് ചെന്നു കയറുമ്പോള്‍ സ്വീകരിക്കാനാരുമുണ്ടായിരുന്നില്ല.

അന്തിവിളക്കിന്റെ പ്രകാശം പരത്താത്ത പ്രേത ഭവനത്തിനു മുന്നിലെ നീണ്ട മണിക്കൂറുകളുടെ നേരത്തെ കാത്തിരിപ്പിനു ശേഷമാണവളും കുഞ്ഞും അവന്റെ ഓട്ടോയില്‍ വന്നിറങ്ങിയത്.


_ ഹോട്ടലില്‍ നിന്ന്

_ സിനിമാ തീയേറ്ററില്‍ നിന്ന്

_ രഹസ്യ സങ്കേതത്തില്‍ നിന്ന്



കുതറിയോടുന്ന മനസ്സിനെ നിയന്ത്രിക്കാന്‍ ബാപ്പുട്ടി വല്ലാതെ പാടുപെട്ടു. പക്ഷേ, പനി പിടിച്ച കുഞ്ഞിനെയും കൊണ്ട് ഹോസ്പിറ്റലില്‍ പോയി വരുകയാണെന്ന് വിശ്വസിക്കാന്‍ അവള്‍ ചുടു കണ്ണീരിന്റെ നനവുള്ള ശബ്ദത്തില്‍ അപേക്ഷിക്കുമ്പോള്‍ ബാപ്പുട്ടി എല്ലാം വിസല്‍മരിച്ചു. തന്റെ വിഭ്രമാത്കമായ തോന്നലാണെന്ന് കരുതി ആശ്വസിക്കാന്‍ ശ്രമിച്ചു.

പക്ഷേ, പിന്നീടെപ്പോഴോ അവളുടെ വാക്കുകളില്‍ അവനോടുള്ള സഹാനുഭൂതിയുടെ നിറവഹം അവധിക്കാലയാത്രയിലൊക്കെ അവനെ തന്നെ ഓട്ടം വിളിക്കാനുള്ള വ്യഗ്രതയും മറക്കാന്‍ ശ്രമിച്ചതൊക്കെ ബാപ്പുട്ടിയില്‍ പതിന്മടങ്ങായി നിറച്ചു. ഒടുവില്‍ താന്‍ മരുഭുവില്‍ കഷ്ടപെട്ടുണ്ടാക്കിയ പണം തന്നോട് ആലോചിക്കാതെ അവനു കടമായി കൊടുത്തുന്നുവെന്നറിഞ്ഞപ്പോള്‍ മനസ്സ് ഹിംസ്ര ജന്തുവിനെപോലെ മുരളാന്‍ തുടങ്ങി. അവനു രാഷ്ട്രീയ സംഘട്ടനത്തില്‍ മരിച്ച അവളുടെ അനിയന്റെ ഛായ തുടങ്ങിയ അവളുടെ പച്ചക്കള്ളത്തിനു മരുഭൂവിന്റെ ചൂടില്‍ പരുവപ്പെടുത്തിയ തന്റെ മനസ്സില്‍ ഇനി ഇരിപ്പിടമില്ലെന്ന് ബാപ്പുട്ടി ഉറപ്പിച്ചത് അപ്പോഴാണ്.


ആ വീടിന്റെ പടി വീണ്ടും ചവിട്ടിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. പിറന്ന നാടിന്റെ മുഖത്തിനു മീതെ മരുകാറ്റ് ഏറെ പൂഴിമണ്ണു തൂവിയിരിക്കുന്നു. ഒന്നുമോര്‍ക്കരുതെയെന്ന് എന്നുമുണര്‍ന്നു പ്രാര്‍ത്ഥിച്ചു. മരുഭൂമിയുടെ അനാദിയായ സംഗീതത്തില്‍ മനസ്സും ശരീരവുമര്‍പ്പിച്ച് അവളെയും മകളെയും വിസ്മരിക്കാന്‍ ശ്രമിച്ചു. ക്രമേണ തീര്‍ത്തും ആയാസരഹിതമായ ഒരു ക്രിയയായി തീര്‍ന്നു അത്.

നഗരത്തിലെ കമ്പിനി ജോലിയില്‍ നിന്ന് തനാസില്‍* വാങ്ങി ഒറ്റപെട്ട ചെറുപട്ടണത്തിലേക്ക് മാറ്റം നേടുമ്പോള്‍, തിരിച്ചറിയപെടാത്ത ഒരിടത്ത് കഴിയുന്നതിന്റെ നിഗൂഡാനന്ദം മനസ്സില്‍ നുരയിട്ടു. നാട്ടില്‍ നിന്നു സ്നേഹം തുളുമ്പുന്ന ഭാര്യ അയക്കുന്ന കത്തുകള്‍ സ്വീകരിക്കാനാളില്ലാതെ ചവറ്റുകൊട്ടയില്‍ അടിയുന്നതിന്റെ ഒടുങ്ങാത്ത രസം ഉള്ളില്‍ മദിച്ചു. കത്തും പണവും വൈകുമ്പോള്‍, പരിഭ്രാന്തിയിലായ അവള്‍ വിളിക്കുന്ന കോളുകള്‍ ഏറ്റു വാങ്ങേണ്ട മൊബൈല്‍ സിം കാര്‍ഡ് ചവറ്റു കൊട്ടയില്‍ വിശ്രമിച്ചു.

വിലാസം തെറ്റി കറങ്ങി തിരിഞ്ഞെത്തിയ ആ കത്താണ് മറക്കാന്‍ ശ്രമിച്ചതിലൊക്കെ അഗാധമായി ഇപ്പോള്‍ കലഹിക്കുന്നത്. നാടിനെക്കുറിച്ചും, വീടിനെക്കുറിച്ചുമുള്ള വിലക്കപ്പെട്ട ഓര്‍മ്മകളുടെ എല്ലാ വേലികെട്ടുകളെയും അത് കര്‍ക്കശമായി ഉടയ്ക്കുന്നു. എങ്കിലും, ബീരാന്‍ കുട്ടിയുടെ പേരിലുള്ള എല്ലാ കത്തുകളും വളരെ ഭദ്രമായി അയാള്‍ സൂക്ഷിച്ചു. ആദ്യം തലയിണയുടെ അടിയിലും എണ്ണം കൂടിയപ്പോള്‍ റബ്ബര്‍ ബാന്‍ഡിട്ട് സ്യൂട്ട് കേസിലുമായി. ആരോ അവശ്യം അറിഞ്ഞിരിക്കേണ്ട വിഷയങ്ങള്‍, ഭൂമുഖത്തു നിന്നു തുടച്ചു മാറ്റാന്‍ തന്റെ അധികാരമില്ലായമ അയാള്‍ എപ്പോഴും വേണ്ടതിലധികം ഓര്‍ത്തു. ആ കത്തുകളൊക്കെ നശിപ്പിച്ചാല്‍ ജീവിതത്തിന്റെ ഏകാന്തമായ നിമിഷങ്ങളിലൊന്നില്‍ കുറ്റബോധത്തിന്റെ കാഠാര തന്റെ നെഞ്ചിനു നേരെ താഴ്ന്നിറങ്ങുമെന്ന് അയാള്‍ ഭയന്നു. മനസ്സിന്റെ വഴികളൊക്കെയും വിചിത്രമാണ്. ഏതു തിരിവില്‍ വെച്ചാണാവന്‍ ക്രൌര്യം പൂണ്ട് തിരിഞ്ഞു കുത്തുകയെന്ന് പറയാനാകില്ല.

ഓര്‍മ്മകളുടെ എല്ലാ സിരകളും നിഷ്കരുണം അറുത്തു മുറിച്ച് തുടരുന്ന ഈ മരു ജീവിതത്തില്‍ ഒരു കത്തിങ്ങനെ തന്നെ പിന്തുടരുന്നതെത്തിന്റെ സാംഗത്യം എത്ര ആലോചിച്ചിട്ടും അയാള്‍ക്ക് പിടികിട്ടിയില്ല. മലകളും, പുഴകളും, സമുദ്രങ്ങളും, മരുഭൂവിയും കടന്ന് ഒരു കത്തു തന്റെനേരെ കിറു കൃത്യമായ് പറന്നു വരുന്നത് കണ്ട് പല അര്‍ദ്ധമയക്കത്തിലും അയാള്‍ ഞെട്ടിയെഴുന്നേറ്റു.

മരു സമുദ്രം താണ്ടി, വെളുത്ത തോപ്പ് ധരിച്ച ബീരാന്‍ കുട്ടിയെന്നൊരാള്‍ തന്നെ തിരക്കിയെത്തുന്നതും, എത്ര തിരഞ്ഞിട്ടും ഒരു കത്തു പോലും കണ്ടെടുക്കാവാനാവാത്ത താനുമായി ശണ്ഠ കൂടുന്നതുമാണ് അയാള്‍ കണ്ട ഒടുവിലെ സ്വപ്ന രംഗം.

ഏല്ല കത്തിന്റെ പിന്നിലും റ മാതിരി ഒരു കുറിയ ഒപ്പുമാത്രമായതിനാല്‍ ആരാണിത് അയക്കുന്നതെന്ന് തിരിച്ചറിയാനും, സുഹൃത്തേ നിങ്ങള്‍ അയ്ക്കുന്ന കത്തുകള്‍ തെറ്റായ പോസ്റ്റ്ബോക്സിലാണെത്തുതെന്നറിയിക്കാനും ബാപ്പുട്ടിക്കായില്ല. വല്ലാത്തൊരു വാശിയോടെ തന്നെ തോല്‍പ്പിക്കുന്നാതാരാണെന്ന് അറിയാനാണ് ബാപ്പുട്ടി ആദ്യമായി ആ കത്ത് പൊട്ടിച്ചത്. നാളുകള്‍ക്കു മുമ്പായിരുന്നൃ അത്. നാടിന്റെ ഗന്ധം. ബന്ധങ്ങളുടെ ഗന്ധം. പെണ്ണിന്റെ ഗന്ധം. വര്‍ഷങ്ങളായി അന്യമായ ഗന്ധങ്ങളെല്ലാം ആ നിമിഷം മുതല്‍ ബാപ്പുട്ടിയെ ക്രൂരമായി പിന്തുടരാന്‍ തുടങ്ങി.

നാട്ടിലുള്ള ബീരാന്‍ കുട്ടിയുടെ ഭാര്യയും മകളും അയച്ച കത്തുകളായിരുന്നു അവയെല്ലാം. ഒട്ടെറെ വിശേഷങ്ങള്‍, അവഗണിക്കുന്നതിലുള്ള പരാതികള്‍. തെറ്റാണെന്നറിഞ്ഞിട്ടും ആ കത്തുകള്‍ വായിക്കാതിരിക്കാനും, ക്രമേണ അവരുടെ വേദനകളില്‍ സഹതപിക്കാതിരിക്കാനും അലവിക്കക്ക് കഴിയുന്നില്ല.


അന്യന്റെ ജീവിതത്തിലേക്കുള്ള ഒളിച്ചു നോട്ടം ഉളവാക്കേണ്ട ജാള്യതയൊന്നുമില്ലാതെ ബാപ്പുട്ടി അന്നത്തെ കത്തും വായിക്കാന്‍ തുടങ്ങി.

പക്ഷേ, വന്‍ തിരകള്‍ക്കിടയിലൂടെ കടന്നു പോകുന്നവന്റെ മുഴുവന്‍ സങ്കടങ്ങളും ആ കത്തു വായിക്കുമ്പോള്‍ അയാള്‍ അനുഭവിക്കാന്‍ തുടങ്ങി. ഗ്രഹാതുരത്വത്തിന്റെ ശകതിയായ വേലിയേറ്റത്തില്‍ മനസ്സ് പ്രകമ്പനം കൊണ്ടു.



എന്റെ എത്രയും പ്രിയപെട്ട ഇക്ക വിളിയില്‍, തനിക്ക് നഷ്ടപെട്ട ഒരു ഭാഷയും സാമ്രാജ്യവും ഒളിഞ്ഞിരിക്കുന്നതായി അയാള്‍ അറിഞ്ഞു. വല്ലാത്തൊരവകാശത്തോടെ അയാള്‍ ആ കത്ത് തുടര്‍ന്നു വായിക്കുകയായി.


പോസ്റ്റ്മാന്‍ ഇക്കയുടെ ഒരു കത്ത് കൊണ്ടു വന്നിട്ട് എനിക്ക് കണ്ണടക്കാന്‍ കഴിയുമോ?. ഒരു കത്തു കിട്ടിയ നാള് ഞാന്‍ മറന്നിരിക്കുന്നു. പൈസ അയക്കാനില്ലാത്ത വിഷമം കൊണ്ടാണോ കത്തും മുടക്കുന്നത്?


പൊന്നും പണവും ഈയുള്ളവള്‍ക്കു വേണ്ട. എന്റെ ഇക്ക സുഖമായിരിക്കുന്നുവെന്ന് ഒരു വരി കിട്ടിയാല്‍ മതി. ആശുപത്രി മുക്കിലെ ഗോപാലന്‍ (വസുമതിയുടെ കെട്ടിയോന്‍) ഇക്കയെ ഏതോ സൂക്കില്‍ വെച്ച് കണ്ടുവെന്ന് പറഞ്ഞു. അവനെ കണ്ടപ്പ്പ്പ്പോള്‍ ഇക്ക മാറി കളഞ്ഞത്രെ. അതിക്കയായിരിക്കില്ലെന്ന് ഞാനെത്ര പറഞ്ഞിട്ടും ഓന്‍ സമ്മതിക്കുന്നില്ല. എന്റെ ഇക്ക എന്തിനാണപ്പോ ഊതിയിയാല്‍ തെറിക്കുന്ന അവനെ പേടിച്ചോടുന്നത്. ആരെയും കൂസാത്ത ഇക്കക്കക്ക് എന്നു മുതലാണു പേടി പിനി പിടിച്ചത് (പെണങ്ങല്ലേ പൊന്നെ)

കഴിഞ്ഞ അവധിക്ക് വന്നപ്പോള്‍ കെട്ടിയ വീടിന്റെ തറയില്‍ പാഴ്ചെടികള്‍ വല്ലാത്തൊരു ഉശിരോടെ കുരുത്ത് തുടങ്ങിയിരിക്കുന്നു. എന്തെങ്കിലും നട്ടാലൊട്ടു കായ് പിടിക്കുന്നുമില്ല. സുഹാനമോള്‍ക്ക് ബിയാത്തുമ്മ കൊണ്ടു വന്ന ആലോചന തരക്കേടില്ലാത്തതാണെന്ന് എല്ലാരും പറയുന്നു. ചെറുക്കന്‍ സഹകരണ ബാങ്കിലെ ശിപായിയാണ്. പണമായിട്ടിത്തിരി കുറഞ്ഞാലും, പൊന്നു കുറ യാന്‍ പാടില്ലെന്നാണു ചെറുക്കന്‍ വീട്ടുകാരുടെ നിലപാട്. ഓരോ അവധിക്കു വരുമ്പോഴും, ഒരു കോയിനെങ്കിലും കൊണ്ടുവരാമെന്ന് പറഞ്ഞ് പോയ ആളാണേ. ഇപ്പോ കോയിനുമില്ല, ആളുമില്ല.

കാശിലെങ്കിലും ഒരു കത്തെങ്കിലും അയക്ക് എന്റെ ഇക്ക. എനിക്കും മോള്‍ക്കും കഴിയാനുള്ളത് മെഷ്യന്‍ ചവട്ടി ഞാനുണ്ടാക്കുന്നുണ്ട്. ജോലിയിലെങ്കിലും വിഷമിക്കാനൊന്നുമില്ല. ഇക്ക ഈ നിമിഷം തന്നെ ഇങ്ങു വന്നാല്‍ മതി.


കാണാതായവരെ തിരയുന്ന കൈരളി ടീ വിയുടെ പരിപാടിയില് പോയി കാര്യമൊക്കെ പറയാന്‍ മെംബര്‍ ശശിധരന്‍ എറെ നാളായി പറയണ്. തിരുവനന്തപുരത്ത് വരെ പോയി വരാന്‍ ഒരു നാള്‍കൊണ്ട്ത പറ്റുമോ?. സുഹാന മോളെയിവിടെയാക്കിയിട്ട് എനിക്ക് പോകാന്‍ പറ്റുമോ? മോളെയും കൊണ്ട് അറിയാത്തിടത്ത് രാത്രിയെങ്ങെനെ കഴിയാനാ?. കണ്ണൊന്നു മാറിയാല്‍ കൊത്തി പറിക്കാന്‍ കഴുകന്മാര്‍ ഏറെയുണ്ട് ചുറ്റിലും. ആരെയും വിശ്വസിക്കാന്‍ പറ്റാത്ത കാലമാ..


മിക്ക രാത്രികളിലും അടച്ചുറപ്പില്ലാത്ത കതകിനാരോ മുട്ടും. ഉമ്മയും പെങ്ങന്മാരും ഇല്ലാത്തൊരു നെറികെട്ട കൂട്ടം. അവരുടെ ഏണ്ണം നാള്‍ക്ക് നാള്‍ കൂടുന്നുണ്ട്. പുതിയ വീട് പണിക്കു വേണ്ടി ഉള്ളത് പൊളിച്ചു കളയേണ്ടി വന്നതിന്റെ ദുരിതം ഇപ്പോഴാണറിയുന്നത്.

തുടര്‍ന്നു വായിക്കാനാവാതെ ബാപ്പുട്ടി കത്തു മടക്കി. താന്‍ തന്നെയാണ് ബീരാന്‍ കുട്ടിയെന്ന് അയാള്‍ക്കപ്പോള്‍ തോന്നി. ഓര്‍മ്മകളുടെ എല്ലാ സിരകളും നിഷ്കരുണം അറുത്തു മുറിച്ച് തുടരുന്ന ഈ മരു ജീവിതത്തില്‍ ഒരു കത്തിങ്ങനെ തന്നെ പിന്തുടരുന്നതിന്റെ സാംഗത്യം ആലോചനകളൊന്നും കൂടാതെ അയാള്‍ക്ക് പിടി കിട്ടി. മലകളും, പുഴകളും, സമുദ്രങ്ങളും, മരുഭൂവിയും കടന്ന് ഒരു കത്തു തന്റെനേരെ കിറു കൃത്യമായ് പറന്നു വരുന്നത് കണ്ട് പല അര്‍ദ്ധമയക്കത്തിലും ഞെട്ടിയെഴുന്നേറ്റതിന്റെ പൊരുള്‍ അയാളിപ്പോള്‍ അറിയുന്നു.

മഹാ സങ്കടങ്ങളുടെ വലിയൊരു തിര ബാപ്പുട്ടിയുടെ മനസ്സും കണ്ണും മൂടി. നീറ്റുന്ന വേദനയുടെ ഈ മാതിരി എത്രയോ കത്തുകള്‍ തന്റെ പഴയ ലാവണത്തിയേക്കാമെന്ന ചിന്തയില്‍, ഉള്‍ തടങ്ങളില്‍ കുറ്റബോധം കുമിഞ്ഞു. ആരുടെയൊക്കെയോ കയ്യില്‍ സ്വകാര്യ ദുഖ:ങ്ങളുടേതായ ആ ഇറക്കിവെയ്പുകള്‍ എത്തുന്നുണ്ടാവുമെല്ലോ എന്നോര്‍ത്തപ്പോള്‍ അയാള്‍ക്ക് ആദ്യമായി കടുത്ത ജാള്യത തോന്നി.

എന്താ വിശേഷിച്ച് ? എന്താ മുഖം വല്ലാതെയിരിക്കുന്നേ..കൂടെ പാര്‍പ്പുകാരന്റെ

ആകാംക്ഷാഭരിതമായ ചോദ്യത്തിനുത്തരമായി ഒരു ചെറിയ തലവേദനയെന്ന് സ്വരം താഴ്ത്തി പറഞ്ഞ് വസ്ത്രം പോലും മാറാതെ നേരത്തെ അയാള്‍ കിടന്നു.

താനെന്നോ ഉപേക്ഷിച്ച സ്വന്തം മകളുടെ അസംഖ്യം കിളികൊഞ്ചലുകളൊരു സംഗീതം പോലേ അപ്പോള്‍ മുതല്‍ അയാളുടെ കാതില്‍ പെയ്യാന്‍ തുടങ്ങി. അയാള്‍ക്കന്നുറങ്ങാന്‍ കഴിഞ്ഞില്ല. പിഞ്ചു പാദം. ഏതു ദുഖവും അലിയിക്കുന്ന പാല്‍ പുഞ്ചിരി. അവസാനമായി അവളെ കാണുമ്പോള്‍ മൂന്നു വയസ്സായിരുന്നു. വളര്‍ച്ചയുടെ ബാക്കി ഘട്ടങ്ങളോരോന്നും വാല്‍സല്യത്തോടെ മനസ്സില്‍ രൂപപെടുത്തിയെടുക്കുന്നതില്‍ എത്ര ശ്രമിച്ചിട്ടും അയാള്‍ പരാജയപെട്ടു.


പാതി പണി പൂര്‍ത്തിയാക്കിയ വീടിനുള്ളില്‍ ഒറ്റപെട്ടു കഴിയുന്ന ഭാര്യയുടെയും പൊന്നുമകളുടെയും നിരാലംബമായ നീണ്ട വര്‍ഷങ്ങളിലെ ജീവിതാവസ്ഥയെക്കുറിച്ചോര്‍ത്ത് ബാപ്പുട്ടി പരിഭ്രാന്തനായി. രാഷ്ട്രീയ സംഘട്ടനത്തില്‍ ദാരുണമായി കൊല്ലപെട്ട അനുജന്റെ ഛായ അവനില്‍ കണ്ടപ്പോഴുണ്ടായ അവളുടെ സഹതാപത്തെ തെറ്റിധരിച്ചതില്‍ അയാള്‍ക്ക് ആത്മ നിന്ദ അനുവപെട്ടു.


ചുട്ടുപൊള്ളുന്ന പനിച്ചൂടില്‍ മോളെയും കൊണ്ട് ഹോസ്പിറ്റലില്‍ പോകാനിറങ്ങിയപ്പ്പ്പോള്‍ അവന്റെ ഓട്ടോ മത്രമെ കിട്ടിയുള്ളുവെന്നതില്‍ എന്തു പൊരുത്തക്കേടെന്ന അയാളുടെ ഉള്ളിലിരുന്നാരോ നിര്‍ത്താതെ ഉറക്കെ ചോദിക്കാന്‍ തുടങ്ങിയതും ഇതേ നേരത്താണ്.


പുറത്ത് തപിക്കുന്ന ഭുമിയെ സന്ധ്യ തണുപ്പ് കലര്‍ന്ന ഇരുണ്ട കുപ്പായം കൊണ്ട് മൂടുകയായിരുന്നു.

ഉറച്ച തീരുമാനത്തിലെത്താന്‍ കഴിഞ്ഞതിലുള്ള സന്തോഷവുമായി കണ്ണടച്ച് പുഞ്ചിരി തൂകി കിടക്കുന്ന ബാപ്പുട്ടിയെ കണ്ട് സ്വപ്തനം കാണാനും ഒരു സമയമൊക്കെ വേണ്ടെയെന്ന് സഹമുറിയന്‍ തന്നോട് തന്നെ അടക്കം പറഞ്ഞു.

*********************************************************************



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ