2011, സെപ്റ്റംബർ 19, തിങ്കളാഴ്‌ച

കഥ

കഥ
നിലവറ
ഒന്നാം അറ തുറന്നപ്പോള്‍ കണ്ടത് കണ്ണഞ്ചിപ്പിക്കുന്ന രത്ന ശേഖരമായിരുന്നു. ഇന്ദ്ര നീലത്തിന്റെയും, മാണിക്യത്തിന്റെയും, മരതകത്തിന്റെയും വലിയൊരു ശേഖരം. വില മതിക്കാനാവാത്തത്.
രണ്ടാം അറ തുറന്നപ്പോള്‍ കണ്ടത് സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ഭദ്ര വിളക്ക്, പീഠങ്ങള്‍. ദണ്ഡുകള്‍, നാണയങ്ങള്‍. മൂല്യം കോടികള്‍ കവിയും.
മുന്നാം അറ തുറന്നപ്പോള്‍ കണ്ടത് സ്വര്‍ണ്ണത്തില്‍ തീര്‍ത്ത മുലക്കച്ച, അരപ്പട്ട, പാദുകം. എത്രയോ തലമുറകള്‍ക്ക് കഴിയാനുള്ള വക.
നാലാം അറ തുറന്നപ്പോള്‍ കണ്ടത് ഒരേ പീഠത്തില്‍ പ്രതിഷ്ഠിച്ച ഗീതയും, ഖുറാനും, ബൈബിളും. മത സൌഹാര്‍ദ്ധത്തിന്റെ ഉജ്ജ്വല മാതൃക.
എല്ലാം പൂര്‍വ്വികരായി സമ്മാനിച്ചതാണ്. മുന്‍ജ• സുകൃതം. ഒന്നും സ്വന്തമായുണ്ടാക്കിയതല്ല. ഒന്നും പുറത്തെടുക്കാനുമാവില്ല. വരും തലമുറയ്ക്ക് വേണ്ടി സൂക്ഷിക്കാനുള്ളത്. ചുരുക്കത്തില്‍ വെറും സൂക്ഷിപ്പുകാരന്‍.
എല്ലാം യഥാസ്ഥാനത്തുണ്ടെന്നുറപ്പ് വരുത്തി മനസ്സിന്റെ നിലവറ ഭദ്രമായി താഴിടുമ്പോളാണ് അവള്‍ ജീവിതത്തിന്റെ മുഴുവന്‍ വെറുപ്പും ചാലിച്ചു വിളിച്ചത്.
"ഇതാ സഞ്ചി...റേഷന്‍ കടയില്‍ ഒരു രൂപയുടെ അരി കൊടുക്കുന്നുണ്ട്. അതെങ്കിലും ഒന്നു വാങ്ങിയാല്‍ ജീവന്‍ കിടക്കും''
രോഗാതുരമായ ശരീരവും, കോടികള്‍ കുടിയിരിക്കുന്ന നിലവറയുമായി അയാള്‍ ബദ്ധപ്പെട്ട് പുറത്തേക്ക് നടന്നു. ഒരു പാവം തിരുമനസ്സ്.
    
(കലാകൌമുദി 1881 ല്‍ പ്രസിദ്ധീകരിച്ചത്)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ