2012, ഓഗസ്റ്റ് 29, ബുധനാഴ്‌ച

ഓണം ഓരമ്മ


ഓണം ഓരമ്മ

നാട്ടിട വഴിയുടെ തിരിവിൽ നിന്നിരുന്ന പ്ളാവിൽ ഇടുന്ന ഊഞ്ഞാലിലുടെയാണ്‌ ഓണം നാട്ടിലേക്ക്‌ പണ്ടെത്തിയിരുന്നത്‌. അത്തം പിറക്കുന്നതോടെ ഊഞ്ഞാലും റെഡിയായിരുന്നു. ഊഞ്ഞാൽ വള്ളികൾ കിഴക്കൻ വനത്തിൽ നിന്ന്‌ കൊണ്ടു വന്നതായിരുന്നു. അത്‌ ഉയരത്തിൽ, ഭൂമിക്ക്‌ സമാന്തരമായ ഒരു കൊമ്പിൽ കെട്ടും. അത്രയും ഉയരമുള്ള ഊഞ്ഞാൽ പിന്നീട്‌ കണ്ടിട്ടില്ല. ആണും പെണ്ണും മതി മറന്നാടി. ചിലപ്പോഴൊക്കെ അവർ `പെട്ടയായി` ആടി. വല്യപ്പന്മാർ വരെ ആടാൻ വന്നു. ചിലരൊക്കെ ആടുന്നതിനു മുൻപ്‌ നാടൻ കുടിച്ച്‌ ആടാൻ തുടങ്ങിയവരായിരുന്നു. ചിലർ ആഞ്ഞാടി അടുത്ത പറമ്പിലെ മര ചില്ലയുടെ ഇലകൾ കടിച്ചു കൊണ്ടു വന്നു വിശ്വം കീഴടക്കിയ അഹങ്കാരത്തോടെ നിന്നു. നിഗൂഡമായ പ്രണയം അവിടെ മുളപൊട്ടുന്നത്‌ ഞാൻ കണ്ടു. പല പ്രണയങ്ങളുടെയും ആരംഭമായിരുന്നു അവിടം. കാറ്റിലുലയുന്ന പട്ടുപാവടയുടെ സ്വരം ആരെയും കാമുകനാക്കുമായിരുന്നു.

പെട്ടയാടുന്ന ചിലർ അത്യുന്നതങ്ങളിൽ വെച്ച്‌ മുൻ വൈരാഗ്യം കാരണം കാലിൽ കിളത്തിയത്‌ (ഒരാൾ മുട്ടു വളച്ച്‌ മറ്റേയാളെ ഉയർത്തി ഭയപെടുത്തുക)ചില അസ്വാരസ്യങ്ങൾ സൃഷ്ടിച്ചിരുന്നതും ഓർമ്മയുണ്ട്‌.

ആടി തൃപ്തിയായവർ അടുത്തായി ഓണക്കളികളിൽ ഏർപെട്ടു. തുമ്പി തുള്ളലും, കബഡി കളിയും, കിളിത്തട്ടുമൊക്കെ ആ ഇടവഴിയിൽ തകൃതിയായി നടന്നു. പലരും കരകളിൽ നിന്നു കരകളിലേക്ക്‌ സഞ്ചരിച്ചു ഓണം ആഘോഷിച്ചു.

വൈകിട്ട്‌ ക്ളബ്ബ്‌ വാർഷികം ഉണ്ടായിരുന്നു. എല്ലാ ക്ളബുകളുടെയും വാർഷികം ഓണത്തിനായതെങ്ങനെയെന്നു ഇനിയും പിടി കിട്ടിയിട്ടില്ല.സാംസ്കാരിക സമ്മേളനത്തിൽ പതിവു പോലെ പങ്കെടുത്തിരുന്നു. സി. എൽ ജോസിന്റെയോ, മരട്‌ രഘുനാഥിന്റെയോ
നാടകങ്ങൾ ഉണ്ടായിരുന്നു. ക്ളബ്ബുകൾക്കു വേണ്ടി ഞാനും ചില നാടകങ്ങൾ എഴുതിയിരുന്നു. അതിൽ പ്രായമായ പല നാട്ടുകലാകാരന്മാരും കഥാപാത്രങ്ങൾ ആയി. അവർ പണ്ടൊരിക്കൽ കളിച്ച നാടകത്തിലെ കഥ പാത്രങ്ങളെ  പോലെ  ജീവിതത്തിൽ ആയി തീർന്നവരായിരുന്നു. അതിലൊരു വലിയ ദുരൂഹതയുണ്ട്‌.

പ്ളാവു മുറിച്ചതോടെ ഊഞ്ഞാലിടാൻ മാർഗ്ഗമില്ലാതായി. പറ്റിയ മരങ്ങളില്ലായിരുന്നു. കിഴക്കൻ വനത്തിൽ പോയി ഊഞ്ഞാൽ വള്ളി മുറിക്കാൻ ആളില്ലാതായി. ചെറുപ്പക്കാർ പുറം നാട്ടിലേക്ക്‌ പോയി. ഞാനും. ക്ളബുകളുടെ പ്രവർത്തനം പലയിടത്തും നിലച്ചു. ഓണത്തിന്റെ നിറം മങ്ങി. നീണ്ട പ്രവാസത്തിൽ ചില വർഷങ്ങൾ മാത്രം ഓണത്തിനുണ്ടായിരുന്നു. പഴയ വഴികളിലൂടെ നടക്കുമ്പോൾ പഴയ കാലം ഓർക്കും. അതു മറ്റേതോ ജന്മത്തിലായിരുന്നുവെന്നു തോന്നും.

എല്ലാവർക്കും എന്റെ ഓണാശംസകൾ!


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ