2012, സെപ്റ്റംബർ 3, തിങ്കളാഴ്‌ച


തിരികെ പോകുന്നവര്‍ കൂടെ കൊണ്ടു പോകുന്നത്.


യുവ എഴുത്തുകാരി രതീ ദേവിയുടെ ' അടിമ വംശം' എന്ന കൃതിയുടെ തിരുവനന്തപുരത്ത് നടന്ന പ്രകാശന വേളയില്‍ പ്രശസ്ത സാംസ്കാരിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ജെ. ദേവിക അന്യ രാജ്യങ്ങളിലേക്ക് പോകുന്ന മലയാളികളെ കുറിച്ചു നടത്തിയ പരമാര്‍ശത്തിലേക്ക് വായനക്കാരുടെ ശ്രദ്ധ പ്രവാസ ലോകം ക്ഷണിക്കുകായണ്. തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്ന് ജെ ദേവിക ഇതിനോടകം അറിയിച്ചിട്ടുണ്ട്. എങ്കിലും നിരവധി പേര്‍ ഈ പ്രസ്തുത അഭിപ്രായത്തോട് 'ഇഷ്ടം' പ്രകടിപ്പിച്ചതിനാല്‍ ഒരു വിശദീകരണം അനിവാര്യമാകുന്നു.


ചീഫ് സെക്രട്ടറിയും കവിയും ഗാന രചയിതാവുമായ കെ. ജയകുമാര്‍, മുന്‍ മന്ത്രി ബിനോയ് വിശ്വം, കുരീപ്പുഴ ശ്രീ കുമാര്‍, ഷാജി കൈലാസ് തുടങ്ങിയ നിരവധി പ്രമുഖര്‍ പങ്കെടുത്ത പ്രസ്തുത ചടങ്ങില്‍ ജെ. ദേവിക പറഞ്ഞത് ഇപ്രകാരമാണെന്ന് രതീദേവിയുടെ മുഖ പുസ്തകത്താളില്‍ രേഖപെടുത്തിയിരിക്കുന്നു. " ജാതി ബോധം കൊണ്ടോ, ദാരിദ്യ്രം കൊണ്ടോ, സിംഹളത്തേക്കോ, മലയായിലേക്കോ, നാടുവിട്ടു പോയ മലയാളി പണവുമായി തിരികെ വന്നപ്പോള്‍ ഒപ്പം പുതിയ സംസ്കാരവും സ്വാതന്ത്യ്ര ബോധവും കൊണ്ടു വന്നു. ഇന്നു പുറത്തേക്ക് പോകുന്ന മലയാളി പണത്തിനൊപ്പം കൊണ്ടു വരുന്നത് തീവ്രവാദവും സാംസ്കാരികപചയവുമാണ്''.


മലയാളിയുടെ ആദ്യകാല കുടിയേറ്റം സിംഹളത്തേക്കും, മലയായിലേക്കും ആയിരുന്നുവെന്നുവെങ്കില്‍ കഴിഞ്ഞ അര നൂറ്റാണ്ടായി അത് പ്രധാനമായും ഗള്‍ഫിലേക്കും കുറഞ്ഞ അളവില്‍ അമേരിക്കയിലേക്കും, യൂറോപ്യന്‍ രാജങ്ങളിലേക്കുമാണ്. അമേരിക്കയിലേക്കും, യുറോപ്യന്‍ രാജ്യങ്ങളിലേക്കും പോയി അവിടെ തന്നെ സ്ഥിരവാസക്കാരായ മലയാളിയില്‍ നിന്ന് വത്യസ്തനാണ് ഗള്‍ഫ് മലയാളി. അവന്‍ നാട്ടിലെ ഓരോ ചലനവും സസൂഷ്മം വീക്ഷിക്കുന്നവനും നാലു ദിവസം അവധി ലഭിച്ചാല്‍ നാട്ടിലൊന്നു വന്നു പോകാന്‍ ശ്രമിക്കുന്നവനുമാണ്. നാട്ടിലെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും സജീവമായി പ്രവര്‍ത്തിക്കുന്ന അനുയായികള്‍ ഗള്‍ഫിലുമുണ്ട്.

ഇന്നു പുറത്തേക്ക് പോകുന്നവര്‍ എന്നു വളച്ചു കെട്ടി പറയുന്നത് ഗള്‍ഫ് മലയാളിയെയാണെന്നു കരുതാവുന്നതാണ്. സജീവമായ മലയാളി കുടിയേറ്റം ഗള്‍ഫിലേക്കാണല്ലോ? ഗള്‍ഫുകാര്‍ തിരികെ വരുമ്പോള്‍ സമ്പത്തിനൊപ്പം തീവ്രവാദവും കൊണ്ടു വരുന്ന് എന്ന് എന്തടിസ്ഥാനത്തിലാണ് ഉറപ്പിക്കുന്നതെന്ന് മുഖപുസ്തകത്തില്‍ വ്യകതമല്ല. അങ്ങനെയെന്തെങ്കിലും ഗവേഷണം ചെയത് ആരെങ്കിലും സ്ഥാപിച്ചെടുത്തെങ്കില്‍ ആ പ്രബന്ധം പ്രവാസ ലോകത്തിനു അയച്ചു തരാന്‍ സ•നസ്സുണ്ടാകണം. ഓരോ ഗള്‍ഫ് രാജ്യത്തില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന തീവ്രവാദത്തിന്റെ അളവും സൂചിപ്പിക്കാന്‍ മറക്കരുതേ!

ജാതി ബോധവും, ദാരിദ്രവും മാത്രമല്ല മലയാളിയുടെ കുടിയേറ്റത്തിനു കാരണം. നമ്മുടെ മാറി മാറി വരുന്ന ഭരണ 'കൂടങ്ങളും' അവരുടെ ഏറാന്‍ മൂളികളും സൌകര്യ പൂര്‍വ്വം മറക്കാന്‍ ശ്രമിക്കുന്നതുമായ ചില യാഥാര്‍ഥ്യങ്ങളുണ്ട്. അതില്‍ പ്രാധാനമായത് വിദ്യാഭ്യാസ മേഖലയിലെ ദ്രുത പുരോഗതിക്കനുസരണമായിട്ട് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നില്ല എന്നതാണത്. എതു പദ്ധതിയായാലും അതില്‍ നിന്ന് എന്തു കൈയ്യിട്ട് വാരാമെന്ന് കരുതുന്ന രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും നമ്മുടെ നാടിന്റെ മുഖമുദ്രയായി മാറി കഴിഞ്ഞു. അതില്‍ ഇടതെന്നോ വലതെന്നോ വത്യാസമില്ല. ചാനലുകളും പാര്‍ട്ടി ഓഫീസുകളും പ്രവര്‍ത്തിക്കുന്നതിനാവശ്യമായ കോടികണക്കിനു തുക ഈ അഴിമതിയിലൂടെയാണ് ഒരോ പാര്‍ട്ടിയും വസൂലാക്കുന്നത്.

കൃഷി ആദായകരമല്ലാതായി തീര്‍ന്നതും, ഉദ്പാദന മേഖലയിലെ മുരടിപ്പും മലയാളിയുടെ കുടിയേറ്റത്തിനു കാരണമായിട്ടുണ്ട്. അന്താരാഷ്ട്ര എണ്ണ വിലയിലുണ്ടായ വര്‍ദ്ധനയും നിര്‍മ്മാണ മേഖലയിലുള്ള വമ്പിച്ച തൊഴിലവസരങ്ങളും ഗള്‍ഫിലേക്കുള്ള പ്രവാഹത്തിനു കാരണമായി. സ്വദേശിവത്കരണത്തിന്റെ ഈ പുതിയ കാലത്തു പോലും ഈ പ്രവാഹം ചെറിയ രീതിയിലാണെങ്കിലും തുടരുന്നു. പുണ്യാവള•ാരുടെ പേരില്‍ തീര്‍ക്കപെട്ട ഹോസ്പിറ്റലില്‍ രണ്ടായിരത്തി അഞ്ഞൂറു രൂപ ശമ്പളമായി നല്‍കുമ്പോള്‍ ഗള്‍ഫ് ഒരു നേഴ്സ്സിനെ രാവും പകലും മോഹിപ്പിക്കും. ജപ്തി ഭീഷണിയില്‍ നിന്ന് രക്ഷപെടാന്‍ ഗത്യന്തരമില്ലാതെ ആത്മ്ഹത്യ ഭീഷണി മുഴക്കിയതിനു പോലീസ് കേസ് എടുത്തത് ആരെ തൃപ്തി പെടുത്താനാണ്?

തുറമുഖ നഗരത്തിലെ ആള്‍ദൈവത്തിന്റെ ഹോസ്പിറ്റലില്‍ സമരം ചെയതതിന്റെ പേരില്‍ വാടക ഗുണ്ടകള്‍ നടുവ് ചവട്ടിയൊടിക്കുകയും പോലീസ് എമാ•ാര്‍ നാമം ജപിച്ചു നില്‍ക്കുകയും ചെയ്യുമ്പോള്‍ പത്തേമാരിയിലെങ്കിലും മണല്‍ നഗരത്തിലേക്ക്കടന്നാല്‍ മതിയെന്നൊരു നേഴ്സ്സിനു തോന്നിയാല്‍ അവരെ എങ്ങനെ കുറ്റപ്പെടുത്തും ? ഹോട്ടല്‍ മാനേജ്മെന്റും എം.ബി.എയും പാസ്സായ ഒരു ഉദ്യോഗാര്‍ഥിയെ ആയിരത്തി അഞ്ഞൂറു റിയാലിനു ജോലിക്ക് ലഭിക്കുന്ന നാടിന്റെ പേരു കേരളമെന്നാണ്. മനുഷ്യ വിഭവ ശേഷിയുടെ കയറ്റുമതിയല്ലാതെ അഭംഗുരം തുടരുന്ന എന്തു കയറ്റുമതിയാണു നാട്ടിലുള്ളത് ?

പ്രവാസികളെ സൃഷ്ടിക്കുന്ന സഞ്ചാര സമൂഹമാണ് മലയാളി സമൂഹമെന്നൊരു വത്യസ്തമായ നീരീക്ഷണം എം. മുകുന്ദന്റെ 'പ്രവാസം' എന്ന നോവലിലുണ്ട്. ജാതിബോധവും ദാരിദ്യ്രവും ഒന്നുമില്ലെങ്കിലും മലയാളി സഞ്ചരിക്കും. 'പ്രവാസത്തിലെ' കഥാ പാത്രമായ കൊറ്റാത്ത് കുമാരന്‍ ബര്‍മ്മയിലേക്ക് തൊഴില്‍ തേടി പോകുന്നത് മലയാളിയുടെ പ്രവാസ ചോദനയ്ക്ക് ഉദാഹരണമാണ്. അങ്ങനെ പോകേണ്ട ഒരു ഭൌതിക സാഹചര്യം കൊറ്റാത്ത് കുമാരനുണ്ടായിരുന്നില്ല.


പലവിധ കാരണങ്ങളാല്‍ കുടിയേറാന്‍ വിധിക്കപെട്ട മലയാളിയാണ് ആധുനിക കേരളം നിര്‍മ്മിച്ചത്. നവോത്ഥാന മുല്യങ്ങളൊടൊപ്പം ഗള്‍ഫ് പണവും കൂട്ടി കുഴച്ച മണ്ണിലാണ് ആധുനിക കേരളം പണിതത്. ഓലപുരയുടെ സ്ഥാനത്ത് കോണ്‍ക്രീറ്റ് വീട് പണിതപ്പോള്‍ നാട്ടിലെ തൊഴിലില്ലായ്മയ്ക്ക് കുറവു വന്നിട്ടുണ്ട്. വാങ്ങാനുള്ള ശേഷി വാണിജ്യ മേഖലയിലെ ഉണര്‍വ്വിനു കാരണമായി. കേരളത്തിലെ എല്ലാ വാര്‍ഡിലും ഗള്‍ഫുകാരന്റെ കുടുംബമുണ്ട്. ഗള്‍ഫ്കാരന്‍ അയച്ച പണം നാടിന്റെ മുഖഛായ തന്നെ മാറ്റിയെന്നത് ചരിത്രമാണ്, ഭംഗിവാക്കല്ല. പട്ടിണിയില്‍ നിന്നും വറുതിയില്‍ നിന്നു കേരളത്തെ രക്ഷിച്ചത് ഗള്‍ഫ്കാരന്‍ അയച്ച ഡ്രാഫ്റ്റാണ്. നാടിനു വിദേശ നാണ്യം നേടിതന്ന പ്രവാസി മലയാളി കൂടെ കൊണ്ടു വന്നത് തീവ്ര വാദവും സാംസ്കാരിക അപചയവുമാണെന്നു ഇന്ന് പ്രചരിപ്പിക്കുന്നത് നിറഞ്ഞ നന്ദി കേടാണ്.

കേരളത്തില്‍ വര്‍ഗീയത പടര്‍ത്തുന്നതില്‍ ഗള്‍ഫ്കാരനു യാതൊരു പങ്കുമില്ല. ഒരാള്‍ കടുത്ത മത വിശ്വാസിയതിനര്‍ത്ഥം അയാള്‍ ത്രീവ്ര വാദിയാണന്നല്ല. ഒറ്റപെടലും അപരിചിതമായ തൊഴിലിടങ്ങളും ജീവിത വഴികളും ഗള്‍ഫ് മലയാളിയെ കുടുതല്‍ ആത്മീയതയിലേക്ക് അടുപ്പിക്കുന്നുണ്ട്. ഗള്‍ഫിലെ എല്ലാ മതത്തില്പെട്ടവരുടെ ആരാധാനലയങ്ങളിലും മലയാളിയുടെ വലിയ തിരക്കുണ്ട്.

എതെങ്കിലും കേസില്‍ പ്രതി ചേര്‍ക്കപെടവര്‍ നാട്ടില്‍ നിന്ന് ഗള്‍ഫിലേക്ക് കടന്നുവെങ്കില്‍ അതു നമ്മുടെ നിയമ പാലകരുടെ വീഴ്ച്ചയാണ്. ഒരു പെറ്റി കേസില്‍ പ്രതിയാക്കപെട്ടാല്‍ പോലും പലരുടെയും യാത്ര മുടക്കുന്ന എമിഗ്രേഷനുള്ള നാട്ടില്‍ വമ്പന്‍ സ്രാവുകള്‍ രക്ഷപെടുന്നത് എന്തു കൊണ്ടെന്ന് ആലോചിക്കേണ്ടതുണ്ട്.
ഒരു വിളക്കു പോലെ നാട്ടിലെ കുടുംബാംഗങ്ങള്‍ക്ക് വേണ്ടി എരിഞ്ഞു തീരുന്നവനാണ് പ്രവാസി. അധ്വാനത്തിന്റെ വില അയാള്‍ മനസ്സിലാക്കിയവണ്ണം നാട്ടിലെ കുടുംബാംഗങ്ങള്‍ മനസ്സിലാക്കിയിട്ടില്ല എന്നതില്‍ വസ്തുതയുണ്ട്. പുതിയ തലമുറയ്ക്ക് അയാള്‍ സഹിച്ച വേദനയുടെ കഥ അറിയില്ല. നീണ്ട നാളത്തെ വിദേശ വാസത്തിനു ശേഷം തിരികെ വരുമ്പോള്‍ രോഗതുരമായ ശരീരവും ശുഷ്കമായ ബാങ്ക് ബാലന്‍സും മാത്രമേ അയാള്‍ക്ക് കൈമുതലായുള്ളു. ബന്ധുമിത്രാദികള്‍ക്ക് വേണ്ടി സ്വയം എരിഞ്ഞടങ്ങിയ ഒരു കരിന്തിരി മാത്രമാണ് പ്രവാസി. അയാള്‍ എന്തു തീവ്രവാദമാണു പ്രചരിപ്പിക്കുന്നത്?

ജാതിയുടെയും മതത്തിന്റെയും അപ്പുറത്തുള്ള ഒരു മഹത്തായ കൂട്ടയ്മ ഗള്‍ഫ് മലയാളിക്കിടയിലുണ്ട്. പേരിന്റെ അറ്റത്തെ വാലു നോക്കിയല്ല അവര്‍ സൌഹൃദം പങ്കിടുന്നത് ! അഞ്ചാമനിരുന്നാല്‍ മറിയുന്ന കളിവള്ളമല്ല അവന്റെ മതേതരത്വം. ഓണവും, വിഷുവും പെരുനാളുമെല്ലാം അവര്‍ ആഘോഷിക്കുന്നത് ഒരു മനസ്സോടെയാണ്. 'ഓണം ഈദ് സംഗമങ്ങളുടെ' വാര്‍ത്തകൊണ്ട് സമ്പന്നമാണല്ലോ ഗള്‍ഫ് വാര്‍ത്തകള്‍. ഈ സാഹോദര്യം നാട്ടില്‍ നിന്നെത്തിയ കവികളും കലാകാര•ാരും എത്രയോ തവണ ചൂണ്ടി കാണിച്ചതാണ്.
അനുദിനം കേരളത്തിന്റെ സാംസ്കാരിക അന്തീരീക്ഷം ജീര്‍ണ്ണിക്കുകയും ഒരു കാലത്ത് നാം തുടച്ചു മാറ്റിയ അനാചാരങ്ങളും ജാതി ചിന്തയും പൂര്‍വ്വാധികം ശക്തിയോടെ തിരികെ വരികയും ചീയ്യുന്നുവെന്നത് ഒരു യാഥാര്‍ഥ്യമാണ് , പക്ഷേ അതിനു പിന്നില്‍ തിരികെ വരുന്ന മലയാളിയുമുണ്ടെന്ന് വരുത്തി തീര്‍ക്കുന്നത് അത്യന്തം ഖേദകരമാണ്.

ജോസഫ് അതിരുങ്കല്‍
Cheif Editor
www.pravasalokham.com

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ