2011, സെപ്റ്റംബർ 13, ചൊവ്വാഴ്ച

നീല നിറമുള്ള വീട് (കഥ)

“...എന്നാലും എന്തൊരു കള്ളന്‍! പെണ്ണുങ്ങടെ പാവാടയും, ജട്ടിയും, ബ്രായും മാത്രം മോഷ്ടിക്കുന്ന കള്ളനോ? ബാക്കി തുണിയെല്ലാം അയയില്‍തന്നെയുണ്ട്''.


ഒരവധി ദിനത്തിന്റെ മടുപ്പിക്കാത്ത അലസമൈതാനത്തിലേക്ക് മനസ്സിനെ മേയാന്‍ വിട്ട് ഉണര്‍ന്നിട്ടും ഉണരാതെ കിടക്കയില്‍ തന്നെ തുടരുമ്പോഴാണ് അയാള്‍ അത് കേട്ടത്. ഭാര്യയും, അവളുടെ അവിവാഹിതയായ അനിയത്തിയുടെയും വര്‍ത്തമാനം. വാരാന്ത്യം ആഘോഷിക്കാനെത്തിയതായിരുന്നു അനിയത്തി ഉഷ. അയാള്‍ക്ക് ചെവി കൂര്‍പ്പിക്കാതിരിക്കാനായില്ല.


"എന്നാലും അടിവസ്ത്രങ്ങള്‍ മാത്രം മോഷ്ടിക്കാന്‍ ഏതു കള്ളനാടി വരുക?''


"അടിവസ്ത്രമോ?''


"അതേടി''.


“ചേച്ചി എവിടെയാണിട്ടത്”..


“പിന്‍ വരാന്തയിലെ അയയില്‍”...


“ഇതൊക്കെ വെളിയിലിട്ടാരെങ്കിലും ഉണക്കുമോ? നാടല്ല ചേച്ചിയിത്. കടവില്‍ കുളിക്കാനും, തുണികളൊക്കെ തുറസ്സായിട്ടുണക്കാനും”.


ഭാര്യയും അനിയത്തിയും ആത്മാര്‍ഥമായി പരതിയെങ്കിലും കാണാത പോയ മുതല്‍ കണ്ടു കിട്ടിയില്ല. ഒടുവില്‍ സമാധാന ദൂതിയായി ചമഞ്ഞ ഉഷയുടെ ആശ്വാസ വചനം.


“രാത്രിയിലെ കാറ്റില്‍ പറന്നു പോയതായിരിക്കും ചേച്ചി. ക്ളിപ്പ് കുത്തിയിട്ടുണ്ടാവില്ല”


“ഇത് മാത്രമെങ്ങനെ പറന്നു പോകും...ഇത് കള്ളന്‍ തന്നെ..പെണ്ണുങ്ങളുടെ അടിവസ്ത്രങ്ങള്‍ മാത്രം നിധിയായി കൊണ്ടു പോകുന്ന കള്ളനുമുണ്ടായിരിക്കും. ഞരമ്പു രോഗി..നഗരമാണെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല” ഭാര്യ മുഴുവന്‍ അരിശവും വാക്കുകളില്‍ പടര്‍ത്തുകയാണ്.


അഞ്ചടി പൊക്കത്തില്‍ ചുറ്റു മതില്‍ ചാടി കടന്ന് അസമയത്ത് വന്നവനാരെന്ന ചിന്ത അയാളുടെ പുലര്‍കാല സ്വപ്നത്തെ നെടുകെ പിളര്‍ത്തി. അവധി ദിനത്തിന്റെ മധുരിമ മുഴുവന്‍ ഊറ്റി, ഉറക്കത്തിന്റെ പുറം ചട്ട ചവറു പോലെ വലിച്ചെറിഞ്ഞു. നാളെ വിലപിടിപ്പുള്ളതെന്തെങ്കിലും നഷ്ടപെടാനുള്ള സാധ്യതയെകുറിച്ചുള്ള ചിന്തയില്‍ സ്വാസ്ഥ്യത്തിന്റെ അവസാന ശ്വാസവും കുഴയുന്നു. മനസ്സില്ലാ മനസ്സോടെ അയാള്‍ എഴുന്നേറ്റു.


“ഈ വീടിനു എന്തോക്കയോ കുഴപ്പമുണ്ട് ചേട്ടാ. ഉണക്കാനിടുന്ന വസ്ത്രങ്ങള്‍ കാണുന്നില്ല. ചില ദിവസം ഉച്ച തിരിഞ്ഞ നേരത്ത് ഒന്നു മയങ്ങുമ്പോള്‍ കോളിംഗ് ബെല്ലടിക്കുന്ന ഒച്ച കേള്‍ക്കാം. യെന്നാ വാതില്‍ തുറക്കുമ്പോ ആരുമുണ്ടാവില്ല. നാട്ടില്‍ നിന്ന് കുഞ്ഞിരാമന്‍ കണിയാരെ വരുത്തി പ്ര്ശനം വെയ്ക്കണം. വാസ്തുവിന്റെ കുഴപ്പമുണ്ടോയെന്ന് നോക്കണം. കന്നിമൂലയില്‍ ടോയ്ലറ്റുള്ള വീടാ..”


ബെഡ് കോഫി പകര്‍ന്നു നല്‍കവെ, ഭാര്യ അയാളെ സങ്കടം കൊണ്ട്് പൊതിഞ്ഞു.


“എന്തു കുഴപ്പം...നീയായിട്ട് കുഴപ്പമൊന്നുമുണ്ടാക്കാതിരുന്നാല്‍ മതി”.


വീടിനെക്കുറിച്ചുള്ള ഭാര്യയുടെ ആരോപണവും, പ്രശ്നം വെയ്പ്പെന്ന നിര്‍ദ്ദേശവും അയാള്‍ക്ക് ഒട്ടുമേ സ്വീകാര്യമായിരുന്നില്ല.


പഴയതെങ്കിലും സൌമ്യവും മനോഹരവുമായ ഒരു വീട് അയാള്‍ക്ക് ഇവിടെ നിന്ന് നൂറ് കിലോമീറ്റര്‍ അകലെയായുള്ള ജ•നാട്ടിലുണ്ട്. വികസനത്തിന്റെ വിരലുകള്‍ പാടുകളുണ്ടാക്കാത്ത ഗ്രാമ മുഖം. അയാള്‍ക്ക് അതൊരു കുറവു തന്നെയായിരുന്നു. പരിഷ്കൃത നഗരങ്ങളിലെ ജീവിതം സമ്മാനിച്ച വേഗതയുമായി പൊരുത്തപ്പെടുത്താനാവാത്ത ചുറ്റുപാടുകള്‍ അയാളുടെ മനസ്സിന്റെ യുവത്വം നഷ്ടപ്പെടുത്തി.അവിടുത്തെ സായം കാലങ്ങള്‍ മാത്രമല്ല, പുലരിയും, മദ്ധ്യാഹ്നവും മടുപ്പുളവാക്കി.


സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ഗള്‍ഫിലെ ജോലി നഷ്ടപ്പെട്ട് അയാള്‍ നാട്ടിലെത്തിയിട്ട് അധികനാളായിരുന്നില്ല. ഇനിയെങ്ങനെ മുന്നോട്ടെന്ന ആശങ്കയുമായി ദിവസങ്ങള്‍ തള്ളി നീക്കിയപ്പോള്‍, സുഹൃത്താണ് ഒട്ടേറെ ഓര്‍മ്മകളുള്ള ഈ നഗരത്തില്‍ മൊബൈയില്‍ സ്പെയര്‍ പാര്‍ട്ട്സിന്റെ കട സംയുക്തമായി തുടങ്ങാന്‍ ക്ഷണിച്ചത്. ബിസിനസ്സിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി നഗരത്തില്‍ തന്നെ താമസിക്കുകയെന്നത് അനിവാര്യമായി മാറുന്നതങ്ങനെയാണ്.


കഴിഞ്ഞ രണ്ടു മാസത്തെ അന്വേഷണത്തിനൊടുവിലാണ് അയാള്‍ ഈ വീട് കണ്ടെത്തിയത്. ഇഷ്ടപെട്ട പല വീടുകള്‍ക്കും അടുക്കാന്‍ പറ്റാത്ത വിലയായിരുന്നു. ആവശ്യക്കാരനാണെന്ന് തിരിച്ചറിയുമ്പോള്‍, വിലപേശലിനു പോലും പലരും താല്‍പര്യം കാട്ടിയില്ല. “വേണമെങ്കില്‍ എത്രയും പെട്ടന്ന് തീരുമാനിക്കണം. ഇതിനോടകം വീട് കണ്ടു ഇഷ്ടപ്പെട്ടിട്ട്, ഇതാ ചിലര്‍ പടിയിറങ്ങിയിരിക്കുന്നു-ഏറ്റവും അടുത്ത് ബന്ധുക്കളെ ക്ഷണിക്കാനായി. അവര്‍ക്കും ഇഷ്ടപ്പെട്ടാല്‍ കച്ചവടം നടക്കും. ആദ്യം പണവുമായി ആരു വരുന്നുവോ അവര്‍ക്ക് വീടു കൊടുക്കും”.


അന്വേഷണം ശുഭകരമായ പര്യസമാപ്തിയിലെത്താതെ നീണ്ടപ്പോള്‍ ആയുഷ് കാലം വാടകയ്ക്ക് താമസിക്കുകയാണ് നല്ലതെന്നു അയാള്‍ക്ക് തോന്നി. ശിഷ്ടമുള്ള ജീവിതകാലത്തേക്കുള്ള വാടകയും ബാങ്കു പലിശയും തട്ടിച്ചു നോക്കുമ്പോഴും അതു തന്നെ ലാഭം. പക്ഷേ വാടക വീടിന്റെ പരിമിതിയിലേക്കൊതുങ്ങാന്‍ നാട്ടിലെ കുടുംബം മടിച്ചു നിന്നു. കുട്ടികളുടെ മികച്ച വിദ്യാഭ്യാസത്തിനായെങ്കിലും നഗരത്തില്‍ ഒരു വീടെന്ന അയാളുടെ സ്വപ്നത്തിനും പഴക്കമേറെയുണ്ടായിരുന്നു.


സിമന്റിന്റെ വിലയില്‍ കാര്യമായ ഇളവുണ്ടെന്നു പത്രങ്ങളില്‍ വായിച്ചെങ്കിലും അതൊന്നും വിലയില്‍ പ്രതിഫലിച്ചില്ല.




“സിമിന്റിന്റെ വില ലേശം കുറഞ്ഞുവെന്നതു ശരി, പക്ഷേ കമ്പിയുടെയും മണലിന്റെയും വിലയെന്താണ്?. മണലിനു പൊന്നിന്റെ വിലയല്ലേ. എന്തൊക്കെ കളി കളിച്ചാലാണ് ഒരു ലോഡ് മണല്‍ ലഭിക്കുക. പണിക്കാരുടെ കാര്യം പറയാനുമില്ല. തൊഴിലില്ലാന്ന് അലറി വിളിക്കുമ്പോഴാണ് നിര്‍മ്മാണ മേഖലിയില്‍ പണിക്കാരെ കിട്ടാത്തത്. തമിഴനെയും, ബീഹാറിയെയും പണിക്ക് വെക്കുമ്പൊഴുള്ള റിസ്ക് അനുഭവിച്ചവനേ അറിയു”


ജനസംഖ്യ വര്‍ദ്ധിക്കുന്നതിനനുസരിച്ച് ഭൂമിയുടെ വിസ്തീര്‍ണ്ണം വര്‍ദ്ധിക്കുന്നില്ലെന്ന പൊതു തത്വവും അന്വേഷണത്തിനിടയില്‍ ആരോ പറഞ്ഞു. ജനസംഖ്യക്ക് ആനുപാതികമായി വസ്തുവും വീടിനും വില വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും. മൂന്നു കോടി നാലു കോടിയാകുന്നതിനനുസരിച്ച് ഭൂമിയേറുന്നില്ലല്ലോ?. എത്രയും പെട്ടന്ന് വാങ്ങിക്കുന്നവര്‍ ഭാഗ്യവാ•ാര്‍....


ഭാഗ്യവാ•ാര്‍.... മലകളും താഴ്വാരകളും വയലുകളും അപര നാമധേയത്തില്‍ ആര്‍ത്തിയോടെ വാങ്ങികൂട്ടുന്നു. അധികാര സ്ഥാപനങ്ങളെ വശീകരിച്ച് ആകാശ സൌധങ്ങള്‍ പണിതുയര്‍ത്തുന്നു.


എത്രയും പെട്ടന്നു ഒരു വീട് വാങ്ങിക്കണമെന്നു തന്നെയായിരുന്നു അയാളുടെ ആഗ്രവും. ഗള്‍ഫിലായിരുന്നതിനാല്‍ വര്‍ഷങ്ങളോളം പിരിഞ്ഞു കഴിയേണ്ടി വന്ന കുടു:ബത്തെ ഒപ്പം കൂട്ടണം. കുട്ടികള്‍ക്ക് താനുമായുള്ള അപരിചിത്വത്തിന്റെ കുന്തമുന ഒടിക്കണം. പതിനെട്ടു കൊല്ലത്തെ ജീവിതത്തിനിടയില്‍ ലഭിച്ചത് പതിനെട്ടു മാസത്തെ ദാമ്പത്യമായിരുന്നു. ഇരുപതു മാസത്തെ ജോലിക്കു ശേഷം മാത്രം രണ്ടു മാസത്തെ കമ്പനി അവധി ലഭിച്ചു. ഓര്‍മ്മകള്‍ നിറയെ വീട്ടാനുള്ള കടങ്ങള്‍ തിമര്‍ക്കുന്നു.


കുട്ടലും കിഴിക്കലും ഏറെ നടത്തിയിട്ടും മിതമായ സൌകര്യങ്ങള്‍ ഉള്ള ഒരു വീട് നഗരത്തില്‍ വാങ്ങാനുള്ള ശേഷി ഒത്തു വന്നില്ല. മൂന്നു ബെഡ് റും, ഡൈനിംഗ് കം സിറ്റൌട്ട്, പൂജാമുറി. പുറം കാഴ്ചകള്‍ കണ്ടിരിക്കാന്‍ പറ്റിയ ഒരു ബാല്‍ക്കണി, ഇതിനെ മിതമായ സൌകര്യമെന്ന് വിളിക്കാനാവുമോയെന്നും അയാള്‍ ഇടയക്ക് സംശയിച്ചു.


‘നഗരത്തില്‍ വസ്തു വാങ്ങാനും വില്‍ക്കാനും ഒറ്റയുത്തരം' എന്ന പത്ര പരസ്യത്തില്‍ നിന്ന് പുതിയൊരു ഇടനിലക്കാരന്റെ ഫോണ്‍ നമ്പര്‍ കിട്ടിയതോടെയാണ് അന്വേഷണത്തില്‍ പുരോഗതിയുണ്ടായത്. യാതൊരു മുന്‍പരിചയവുമില്ലെങ്കിലും, പിന്നിട്ട ഒരു കാലഘട്ടത്തിന്റെ സൌഹൃദം പുതുക്കുന്നതു പോലെ ഇടനിലക്കാരന്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ തന്നെ അയാളില്‍ ആത്മവിശ്വാസം ജനിച്ചു.


ഇന്നേക്ക് ഒരു മാസം മുന്‍പ്, നഗര പാതയുടെ അരികിലായി സ്ഥിതി ചെയ്യുന്ന വ്യാപാര സമുച്ചയത്തിനുമുന്നിലൂടെ ഇടത്തേക്ക് പായുന്ന ഓട്ടോയിലിരുന്ന് ഇടനിലക്കാരന്‍ അയാളോട് പറഞ്ഞു. “ഇനി കാണാന്‍ പോകുന്ന വീട് തീര്‍ച്ചയായും നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമെന്നെനിക്കുറപ്പാണ്. നിങ്ങളുടെ ബഡ്ജറ്റില്‍ ഒതുങ്ങുന്ന ഒരു വീടാണത്. അഞ്ചു സെന്റില്‍ രണ്ടായിരം സ്വ്കയര്‍ ഫീറ്റ്. രണ്ടു നില. നഗരത്തിന്റെ തിക്കും തിരക്കില്‍ നിന്നുമകന്ന് സ്വ്സ്ഥമായിരിക്കാം, എന്നാല്‍ സിറ്റി സെന്ററിലേക്ക് കാര്യമായ ദൂരവുമില്ല. എല്ലാവിധ സൌകര്യങ്ങളും കൈയ്യെത്തുന്ന അകലത്തില്‍.. ഹി...ഹി..” കറകളഞ്ഞ ആത്മവിശ്വാസത്തിന്റെ കനത്ത ചിരി ഒട്ടോയുടെ ഇരമ്പലിനു മീതെ തുളുമ്പി.


അയാളൊന്നും പറഞ്ഞില്ല. ഓരോ വീട് കാണാന്‍ പോകുമ്പോഴും സമാനമായ വിവരണം കച്ചവട സഹായിയില്‍ നിന്നുമുണ്ടാവാറുണ്ട്. യാഥാര്‍ഥ്യവുമായി അതിനു യാതൊരു ബന്ധവുമുണ്ടാകാറില്ല. നിരവധി ദുരനുഭവങ്ങളുണ്ടായിട്ടും,അയാള്‍ ഒരോ തവണയും പ്രതീക്ഷിക്കുന്നു. വ്യാമോഹിപ്പിക്കുകയെന്നത് ദല്ലാളിന്റെ ദൌത്യവും, അതിന്റെ പിന്നാലെ അലയുകയെന്നത് തന്റെ നിയോഗവുമാണെന്ന് അയാള്‍ക്കിന്നറിയാം.


പ്രധാന നിരത്തില്‍ നിന്നുള്ള ഇടവഴി അര കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ ചെറിയ കയറ്റം. വലതുവശത്തുള്ള രണ്ടു നില വീടിനു മുന്നില്‍ ഓട്ടോ നിന്നു. മുറ്റത്ത് മനോഹരമായ പൂന്തോട്ടം. ആള്‍ താമസമില്ലാത്ത വീടെങ്കിലും വെടിപ്പാര്‍ന്ന മുറ്റം. ഇടനിലക്കാരന്‍ തന്നെ വാതിലുകള്‍ തുറന്നു.


മനോഹരമായ കൊത്തു പണികളാല്‍ തീര്‍ത്ത തേക്കിന്റെ വാതില്‍. തറയില്‍ വില കൂടിയ വിര്‍ട്ടിഫൈഡ് ടെയില്‍സ്. മൂന്നു ബാത് അറ്റാച്ചഡ് ബെഡ് റൂമുകള്‍. രണ്ടാം നിലയിലെ ബാല്‍ക്കണിക്ക് പാരമ്പര്യ തനിമ വിളിച്ചോതുന്ന തടിയില്‍ തീര്‍ത്ത കൈവരി.


ഇളം കാറ്റ് ഇടതടവില്ലാതെ ലഭിക്കുന്ന ബാല്‍ക്കണിയില്‍ കസേര വലിച്ചിട്ട് പുറം കാഴച്കള്‍ കണ്ട് മണിക്കൂറുകളോളം ഇരിക്കാന്‍ തോന്നി.


“വീട് ഇഷ്ടപ്പെട്ട സ്ഥിതിക്ക് ഉടമസ്ഥനെ നേരില്‍ കണ്ട് ബാക്കി കാര്യങ്ങള്‍ ഉറപ്പിക്കാമല്ലോ?”


വീടിനോട് തോന്നിയ ഇഷ്ടം ഇടനിലക്കാരന്‍ ഏങ്ങനെയറിഞ്ഞെത്തോര്‍ത്ത് അയാള്‍ അത്ഭുതപ്പെട്ടു. മുഖഭാവത്തില്‍ നിന്ന് ഉള്ളിലുള്ളത് മറ്റൊരാള്‍ വായിക്കുന്നത് പൊതുസ്ഥലത്ത് ഉടുവസ്ത്രം അഴിയുന്നത് പോലെയാണ്.


ഓട്ടോയില്‍ തന്നെ വീട്ടുടമസ്ഥന്റെ ജംഗഷനു സമീപമുള്ള ഓഫീസിലേക്ക് തിരിച്ചു. പാതയുടെ ഓരം ചേര്‍ന്നുള്ള കെട്ടിടത്തിലെ കറുത്ത ഗ്ളാസ്സിട്ട ഓഫീസിലേക്ക് അയാളെ കടത്തി ഇടനിലക്കാരന്‍ പിന്‍വാങ്ങി. അയാള്‍ ഓഫീസിലേക്ക് കടക്കുമ്പോള്‍, ‘ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ തന്നെ നേരിട്ടു സംസാരിക്കുന്നത് തന്നെയായിരിക്കും’ അതിന്റെയൊരു ശരിയെന്ന് പിന്നില്‍ നിന്നു ഓര്‍മ്മപെടുത്തി.


വീട്ടുടമസ്ഥനായ കറുത്ത് തടിച്ച മധ്യ വയസ്കന്‍ ഏറെ ബദ്ധപ്പെട്ട് ചിരിച്ചു. മുഖവുര കൂടാതെ എന്നാല്‍ ഒരു രഹസ്യം അനാവരണം ചെയ്യുന്ന ഭാവഹവാദികളോടെ പറഞ്ഞു.


“വില്‍ക്കാന്‍ വേണ്ടി വെച്ച വീടല്ലത്. സ്വന്തം ആവശ്യത്തിനു വേണ്ടി വിലകൂടിയ സാധനങ്ങള്‍ ഉപയോഗിച്ചുണ്ടാക്കിയ വീട് തന്നെ. വാസ്തു വിധി പ്രകാരം തന്നെയാണ് പണിതത്. ഇപ്പോ എന്ത്വാന്ന് വച്ചാ അത്യാവശ്യമായി കുറച്ചു പണം വേണം. മകനു ലണ്ടനില്‍ എം ബി എ ക്ക് അഡ്മിഷന്‍ കിട്ടി. എം.ബി.എ എടുക്കണമെങ്കില്‍ അത് ലണ്ടനില്‍ നിന്ന് മതിയെന്ന് അവനൊരു വാശി”


പിന്നെ രഹസ്യത്തില്‍ നിന്ന് മറ്റൊരു രഹസ്യത്തിന്റെ ചുരളഴിക്കുന്നത് പോലെ ചുറ്റും നോക്കി പതിയെ പറഞ്ഞു.


“പണം അവധി കൂടാതെ തരാന്‍ കഴിയുമെങ്കില്‍ മാര്‍ക്കറ്റ് വിലയില്‍ ലേശം കുറച്ചിട്ടാണെങ്കിലും കച്ചവടമുറപ്പിക്കാം. എന്തായാലും തീരുമാനം ഉടനെ അറിയിക്കണം”


ഏറെ ക്ളേശിച്ചിട്ടാണ് അയാള്‍ ഈ വീട് വാങ്ങാനുള്ള തുകയൊരുക്കിയത്. പതിനെട്ടു കൊല്ലത്തെ ഗള്‍ഫ് ജീവിതത്തിന്റെ ബാങ്കു ബാലന്‍സ് നഗരത്തിലൊരു വീട് വാങ്ങാന്‍ തികയില്ലെന്ന് വന്നപ്പോള്‍, പൈതൃകമായി ലഭിച്ച തറവാട്ടിലെ വീതം വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. എങ്കിലും ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യാതിരുന്നതിനാല്‍ വസ്തുവിനു ന്യായമായ വില നേടിയെടുക്കാന്‍ കഴിഞ്ഞുമില്ല. തറവാട്ടില്‍ താമസിക്കുന്ന അനിയനൊരു വില പറഞ്ഞപ്പോള്‍, മറ്റൊരാളെ വാങ്ങല്‍ സ്ഥാനത്തു കാണാന്‍ കഴിഞ്ഞില്ല. അത് മാര്‍ക്കറ്റ് വിലയെക്കാള്‍ താഴെയാണോ എന്ന് തിരക്കാന്‍ മിനക്കെട്ടില്ല. അങ്ങനെ ചെയ്യുന്നത് കടുത്ത അനീതിയും അസംബന്ധവുമാണെന്ന് തോന്നി. പത്മവിലാസം തറവാട്ട് വക വസ്തു ഗ്രാമത്തില്‍ സ്ഥിരതാമസക്കാരനായ അനിയന്‍ നഷ്ടപ്പെടുത്താതിരിക്കുമെന്നായിരുന്നു മനസ്സിലെ മോഹം. തറവാടിന്റെ ഭൂമിയില്‍ മുന്നാമതൊരാള്‍ ആധിപത്യം സഥാപിക്കുന്നത് അനിയനു വസ്തു കൈമാറുന്നതിലൂടെ തടയാന്‍ കഴിയുമെന്ന സ്വാര്‍തഥത. പക്ഷേ, വസ്തു രജിസ്റര്‍ ചെയ്യാന്‍ രജിസ്റര്‍ ഓഫീസിലെത്തിയപ്പോഴാണ് വസ്തു വാങ്ങിക്കുന്നത് അനിയനല്ലെന്നും അജ്ഞാതരായ ഒരു പറ്റം ആളുകളാണെന്നും അറിഞ്ഞത്.


പത്തു സെന്റ് വീതമുള്ള ഹൌസ് പ്ളോട്ട്കളായി അനിയന്‍ വസ്തു പത്തു പേര്‍ക്ക് വില്‍പ്പനയുറപ്പിച്ചിരുന്നു. നാലു പ്ളോട്ട്കളുടെ വില്‍പ്പനയിലൂടെ മുടക്കിയ മുതല്‍ വീണ്ടെടുക്കുന്ന ലളിതവും ലാഭകരവുമായ ബിസിനസ്സ്. മെയ്യനങ്ങാതെ ലക്ഷങ്ങളുടെ ലാഭം!


സങ്കല്‍പ്പത്തിനു അനുയോജ്യമായ വീടായതിനാലും, വീട്ടുടമസ്ഥന്‍ വിലയുടെ കാര്യത്തില്‍ അനുകൂലമായ നിലപാടെടുത്തതിനാലും രജിസ്ട്രേഷനു കാലതാമസമുണ്ടായില്ല. രജിസ്ട്രേഷനു ശേഷമുള്ള ശുഭ മൂഹൂര്‍ത്തത്തില്‍ തന്നെ നാട്ടിലെ തറവാട്ടിലുണ്ടായിരുന്ന ഭാര്യയെയും കുട്ടികളെയും കൂട്ടി പുതിയ വീട്ടിലേക്ക് തിരിച്ചു. എവിടെയോ വായിച്ച ഓര്‍മ്മയില്‍ വീടിനു പുതിയ പേരു തൂക്കി-'ന•'. ന•യില്‍ ജീവിതത്തിന്റെ ചില്ലകള്‍ വീണ്ടും തളിര്‍ക്കുന്നതിന്റെ ഗന്ധം അയാള്‍ അനുഭവിച്ചു.




നീണ്ട വര്‍ഷങ്ങളിലെ ഏകാന്ത വിദേശ ജീവിതം കുടു:ബ ജീവിതം എങ്ങനെ നയിക്കണമെന്നതിലും അയാളെ നിശ്ചയമില്ലാത്തവനാക്കിയിരുന്നു. അകലത്തില്‍ നില്‍ക്കുന്ന കുട്ടികളെ അനുനയിപ്പിക്കാന്‍ ഒരോ തന്ത്രങ്ങള്‍ മെനയുമ്പോള്‍, കൊഞ്ചിച്ച് കൊഞ്ചിച്ച് പിള്ളാരെ നശിപ്പിക്കരുതെന്ന്, ഭാര്യ താക്കീത് നല്‍കി. അമര്‍ത്തി വെച്ച വികാരങ്ങളുടെ അലകള്‍ തടസ്സമില്ലാതെ തുറന്ന് വിടാന്‍ ശ്രമിച്ചപ്പോള്‍ ഞാനുമൊരു മനുഷ്യ ജീവിയാണെന്ന് അവള്‍ നാണത്തോടെ പരിഭവിച്ചു. ക്രമേണ, ജീവിതം അതിന്റെ പരുക്കന്‍ ഭാവങ്ങളുടെ അവസാന പുറം തോടുമുപേക്ഷിക്കുയാണെന്ന തിരിച്ചറിവില്‍ അയാളുടെ മനസ്സ് ഉ•ാദമായി.


വസ്തു കച്ചവടത്തില്‍ സ്വന്തം സഹോദരന്‍ തന്നെ അബദ്ധത്തില്‍ പെടുത്തിയതിനാല്‍ ഏറേ സൂക്ഷിച്ചായിരുന്നു അയാളുടെ ജീവിതം. മാറി നിന്നവനു നാടിന്റെ മന:ശാസ്ത്രം തിരിഞ്ഞു കിട്ടാന്‍ സമയം എടുക്കുമെന്ന് തന്നെ അയാള്‍ വിശ്വസിച്ചു. ഇപ്പോള്‍ വാങ്ങിയ വീടും ഏതെങ്കിലും തരത്തിലുള്ള ഒരബദ്ധത്തിന്റെ സന്തതിയാണെന്നമാണെന്ന തോന്നല്‍ പോലും അയാള്‍ക്കസഹീനയമായിരുന്നു. അത്തൊരുമൊരു സാധ്യതയെക്കുറിച്ചുള്ള ആലോചനയില്‍ പോലും തലച്ചോറിനു അരണ്ട വേവ്. ചായ കുടിക്കാതെ അയാള്‍ വാതില്‍ തുറന്ന് ഇളം തണുപ്പുള്ള പുലര്‍കാല കാറ്റ് വീശുന്ന ടെറസ്സിലേക്കിറങ്ങി. ഈറനണിഞ്ഞ പ്രകൃതിയുടെ സൌന്ദര്യം ഉരുമ്മി നിന്നിട്ടും, അയാള്‍ നിശ്ചേഷടനായി നിന്നു പോയി.


അയാളുടെ ഭാവമാറ്റം കണ്ട് ഭാര്യ അമ്പരന്നു. സാധാരണ കാര്യങ്ങള്‍ മൂപ്പരെ അലട്ടാറില്ലെന്ന് അഭിമാനത്തോടെയായിരുന്നു അവള്‍ പറഞ്ഞിരുന്നത്. ഒന്നും ഭര്‍ത്താവിനോട് പറയണ്ടായിരുന്നുവെന്ന് അവള്‍ക്ക് തോന്നി. നാട്ടിലായിരുന്നുവെങ്കില്‍ മിണ്ടാനും പറയാനും അയല്‍ക്കാരെ കിട്ടുമായിരുന്നു. ഇവിടെ അങ്ങോട്ട് കയറി മിണ്ടിയിട്ടും മുഖം തിരിച്ചു കളയുന്നവരാണുള്ളത്. മറ്റു പലതും പോലെ അതിന്റെ കാരണവും ഇനിയും മനസ്സിലായിട്ടില്ല.


പത്രക്കാരന്‍ പയ്യന്‍ മാത്രമായിരുന്നു മുന്നിലെ റോഡിലൂടെ കടന്നു പോയത്. അവനാകട്ടെ ടെറസ്സില്‍ നില്‍ക്കുന്ന അയാളെ വല്ലാത്തൊരു ഗര്‍വ്വോടെ തിരിഞ്ഞു നോക്കി, തിരിഞ്ഞു നോക്കി അസാധരണമാം വിധം നിര്‍ത്താതെ ബെല്ലടിച്ച് ബെല്ലടിച്ച് കടന്നു പോയി. ആളുകള്‍ ഇങ്ങനെ ഇടപെടാന്‍ തുടങ്ങിയാല്‍ എന്തു ചെയ്യുമെന്ന ആലോചനയില്‍ അയാളുടെ മനസ്സ് കൂടുതല്‍ ആകുലമാകാന്‍ തുടങ്ങി.


ഭാര്യയുടെ കണ്ടെത്തലുകള്‍ തള്ളികളയേണ്ടതല്ലെന്ന് വീണ്ടുമൊരു ആലോചനയില്‍ അയാള്‍ക്കും ബോധ്യം വന്നു. പിടിതാരാതെ അവശേഷിക്കുന്ന ചിലതുണ്ട്. അതൊരു യാഥാര്‍ഥ്യമാണ്. പിന്നിട്ട രാത്രികളിലൊന്നില്‍ ആരോ വീടിനു ചുറ്റും നടക്കുന്നതിന്റെ കാലൊച്ച അയാളും കേട്ടിരുന്നു. ഭ്രാന്തു പിടിപ്പിക്കുന്ന പൂച്ച കരച്ചില്‍ പലപ്പോഴും ഉറക്കം കെടുത്തുന്നുണ്ട്. വെന്റിലേറ്ററിലുടെ സ്വകാര്യതയിലേക്ക് പാളി വീഴുന്ന വെളിച്ചം കയറ്റം കയറിവരുന്ന വണ്ടികളുടേതായിരിക്കുമെന്ന് കരുതിയത് വൃഥാവാണെന്ന് തിരിച്ചറിഞ്ഞെങ്കിലും ഉറവിടം പിടിതരാതെ അവശേഷിക്കുന്നു. ഭാര്യയുമൊപ്പം ടെറസ്സിലിരിക്കുമ്പോള്‍ അശരീരിയായി എത്തുന്ന ചൂളം വിളിക്കാരന്‍ തന്നെയാവും ഭാര്യയുടെ അടി വസ്ത്രവും മോഷ്ടിച്ചിരിക്കുകയെന്ന നിഗമനത്തില്‍ അയാള്‍ കാരണമൊന്നും കൂടാതെ എത്തിചേര്‍ന്നു. ചില നേരത്ത് ഉള്ളില്‍ തോന്നുന്നത് തന്നെയാവും ശരി. ഇനി നിര്‍ത്താതെ ബെല്ലടിച്ച് കടന്നു പോയ പത്രക്കാരന്‍ ചെക്കന്‍ തന്നെയാകുമോ എല്ലാറ്റിനും പിന്നില്‍. ഒരു കൌമാര വികൃതി.


വൈകുന്നേരമായപ്പോള്‍ തന്നെ ഉഷ ഹോസ്റലിലേക്ക് പോകാന്‍ തിരക്കു കൂട്ടി. സ്ത്രീയുടെ അടിവസ്ത്രത്തിനു പോലും രക്ഷയില്ലാത്ത ആ വീട്ടില്‍ നിന്ന് എത്രയും പെട്ടന്ന് അകലാന്‍ വെമ്പുന്നതു പോലെ.


അപരിചിതമായ സ്ഥലമായതിനാല്‍ ബസ്റോപ്പു വരെ ഉഷയെ അനുഗമിക്കേണ്ടി വന്നു അയാള്‍ക്ക്. അയാള്‍ മുന്നിലും ഉഷ പിന്നിലുമായി നടക്കുകയായിരുന്നു. ഘോരമായ വിധം എരപ്പിച്ചു കൊണ്ടെത്തിയ ബൈക്കിലെ വിചിത്ര വേഷധാരികളായ ചെറുപ്പക്കാരുടെ മൂവര്‍ സംഘം ഇരുവര്‍ക്കുമെതിരെ പ്രതിരോധം തീര്‍ത്തത് പെട്ടന്നാണ്.


“ചരക്ക് കൊള്ളമല്ലോ. എത്രാടോ ഇവടെ റേറ്റ് ?”


ക്രൂരമായ ആ അപമാനത്തില്‍ അയാളിലെ ജീവന്റെ ഓരോ കണികയും പരശതം പ്രഹരമേറ്റതു പോലെ പിടഞ്ഞു. വിദൂരമായ സംസ്കാരങ്ങളുടെയും ഭാഷകളുടെയും ഇടയില്‍ കഴിഞ്ഞ നാളുകളില്‍ പോലും ഇത്തരമൊരു ഉള്‍മുറിവ് അയാള്‍ക്കേറ്റിട്ടില്ല. വിതുമ്പലോടെ ഉഷ ബസ്സില്‍ കയറുമ്പോള്‍, പരദേവതകളെ മനസ്സില്‍ നോറ്റ് അയാള്‍ തിരിഞ്ഞു. സകല ശക്തിയും സിരകളിലേക്ക് ധ്യാനിച്ച് മൂവര്‍ സംഘത്തിന്റെ നേരെ കൈകള്‍ ആഞ്ഞു വീശി. മുന്നില്‍ നിന്നവന്റെ നെഞ്ചത്തു തന്നെ ജീവിതത്തിന്റെ പരുക്കന്‍ പാതയിലൂടെ നടന്ന് ബലപ്പെട്ട കാലുകൊണ്ട് ആഞ്ഞു തൊഴിച്ചു. അടുത്ത ചായക്കടയിലുണ്ടായിരുന്നവര്‍ പിടിച്ചു മാറ്റിയില്ലായിരുന്നുവെങ്കില്‍ അടുത്ത നിമിഷാര്‍ദ്ധത്തില്‍ തന്നെ അയാള്‍ കൊലപാതകിയാകുമായിരുന്നു.


ആര്‍ക്കാണു കുഴപ്പം ? തനിക്കോ, നാട്ടുകാര്‍ക്കോ ? ഉത്തരമില്ലാത്ത നിരവധി ചോദ്യങ്ങള്‍ ശവം തീനിയുറുമ്പുകളെ പോലെ അയാളെ പൊതിഞ്ഞു. തനിക്ക് ഒരു കൂട്ടി കൊടുപ്പുകാരന്റെ ശരീര ഭാഷയുണ്ടെന്ന ചെറുപ്പക്കാരുടെ കണ്ടെത്തല്‍ അയാളെ പരിഭ്രാന്തനാക്കി. ഒരു പിമ്പിന്റെ ശരീര ഭാഷയെക്കുറിച്ചുള്ള നിര്‍വ്വചനം തിരക്കാന്‍ പറ്റിയ ഒരാളും തന്റെ പരിമിതമായ സുഹൃത് വലയത്തിലില്ലെന്നോര്‍ത്ത് അയാള്‍ നിശബ്ദനായി കരഞ്ഞു. കടലിനക്കരെയിലെ നീണ്ട നാളിലെ ജീവിതം തന്നില്‍ എതു വിധമുള്ള മാറ്റമാണ് വരുത്തിയതെന്ന് നിക്ഷ്പക്ഷമായി ആരു പറയും ?


ആധികള്‍ നുരക്കുന്ന നെഞ്ചുമായി, ചിതറുന്ന കാല്‍ വെയ്പ്പോടെ വീട്ടിലേക്ക് നടക്കുമ്പോള്‍ ചായക്കടയില്‍ തുടരുന്ന സംസാരത്തിന്റെ ഒരിതളില്‍ അജ്ഞാതമായ പ്രതികാരവായപ്പോടെ അയാളുടെ കാത് കൊരുത്തു.


“യേതാടോ ഈ കക്ഷി...വരത്തനാ. യിവിടെങ്ങും കണ്ടിട്ടില്ലല്ലോ?”.


“ബ്രോക്കര്‍ രാമന്‍ കുട്ടി ഈയിടെ കച്ചവടമാക്കിയ വീട്ടിന്റെ ഉടമസ്ഥനാ.”


“യേത് വീട്...”


“വില്‍പ്പന മുടങ്ങി കിടന്ന കയറ്റത്തെ നീല നിറമുള്ള വീട്. അനാശാസ്യത്തിനു രണ്ടിനെയും പിറന്ന പടി പൊക്കിയയിടം. പത്രക്കാരും ചാനലുകാരും നിരങ്ങിയിറങ്ങിയ ആ വീട്ടില്‍ താനും പോയിട്ടില്ലേ ?”


“ഓഹോ....പറ്റിയ കക്ഷി....ഏടപാട് വീണ്ടും തുടങ്ങിയോ?”


അനന്തരം ചുഴലികാറ്റുപോലെ അവിടെ രൂപപെട്ട ചിരി തന്നെ സ്ഥലകാലങ്ങളില്‍ നിന്ന് ഏത് നിമിഷവും പറിച്ചെറിയുമെന്ന ഭീതിയോടെ അയാള്‍ വീട്ടിലേക്കുള്ള, ഇരുട്ട് ആളി കത്താന്‍ തുടങ്ങിയ നിരത്തിലൂടെ നടന്നു. സ്വാന്തനത്തിന്റെ ഒരു സ്പര്‍ശനം പോലും തനിക്കേകാനാവിന്നില്ലല്ലോയെന്ന കുറ്റ ബോധത്തോടെ ആ നീല വീട് അയാളുടെ വരവും കാത്ത്.......

1 അഭിപ്രായം: